Press "Enter" to skip to content

പ്രളയശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെയെല്ലാം ഉറ്റവരും സുഹൃത്തുക്കളും പ്രളയക്കെടുതിയില്‍പ്പെട്ട്  ഉഴലുന്നത് മനസ്സില്‍ നീറ്റലാകുമ്പോഴും  മനുഷ്യമനസ്സിലെ നന്മകള്‍ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സുമനസ്സുകളുടെ നിസ്വാര്‍ത്ഥസേവനം മനസ്സിനെ ആനന്ദം കൊള്ളിക്കുന്നു.

പ്രളയത്തിന്‍റെ തീവ്രത കുറയുകയും ഒഴുക്ക് നിലക്കുകയും വെള്ളം വറ്റി തുടങ്ങുകയും ചെയ്യുമ്പോള്‍ ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കില്‍ ഇപ്പോള്‍ നേരിട്ടതിലും വലിയ ദുരിതങ്ങള്‍ നമ്മെ തേടിയെത്താന്‍ സാധ്യതയുണ്ട്. ചില ചെറിയ അറിവുകള്‍ സ്വായത്തമാക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്താല്‍ അതില്‍ ചിലത് ഒഴിവാക്കാന്‍ കഴിയും. ചില കുഞ്ഞറിവുകള്‍ ഇതാ താഴെ.

വീട്ടിലേക്കുള്ള തിരിച്ചുപോക്ക്

  • ദുരിതാശ്വാസ ക്യാമ്പില്‍ ലഭ്യമായ റേഡിയോ, ടിവി തുടങ്ങി മറ്റു വാര്‍ത്താ വിനിമയ സംവിധാങ്ങളിലൂടെയും സമീപപ്രദേശത്തെ വിവരങ്ങള്‍ മനസ്സിലാക്കുക.
  • പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പറയുംവരെ മടങ്ങിപ്പോകാതിരിക്കുക.
  • അപകട മേഖലകള്‍ സന്ദര്‍ശിക്കാതിരിക്കുക.
  • വീട്ടില്‍ എത്തിയാല്‍ വേണ്ടുന്ന ആഹാരവും വെള്ളവും മരുന്നും ഉറപ്പുവരുത്തുക.

 യാത്ര ശ്രെദ്ധിച്ചു മാത്രം

  • അധികാരികള്‍ പറയുന്ന പാതയിലൂടെ മാത്രം യാത്ര ചെയ്യുക.
  • രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുക.
  • കാഴ്ച്ചകാണാനായി മാത്രമുള്ള യാത്ര ഒഴിവാക്കുക.
  • ഒഴുകിയും ഇടിഞ്ഞും പോയ റോഡുകളും വിള്ളല്‍ വീണ തിട്ടകളും നോക്കി മുന്നോട്ടുപോവുക.
  • പിഴുതുവീഴാന്‍ സാദ്ധ്യതയുള്ള മരങ്ങളും വൈദ്യുതി പോസ്റ്റുകളും പാതി തുറന്ന മാന്‍ ഹോളുകളും ശ്രെദ്ധിക്കുക.

വെള്ളം കയറിയ കെട്ടിടങ്ങളുടെ പരിശോധന.

  • വെള്ളത്താല്‍ ചുറ്റപ്പെട്ടതോ മുങ്ങിക്കിടക്കുന്നതോ ആയ കെട്ടിടങ്ങളിലേക്ക് കയറാതിരിക്കുക.
  • അടിത്തറയിലൊ പ്രധാന ഭിത്തികളിലോ ബലഷയമോ വിള്ളലുകളോ ഉണ്ടോയെന്ന് പരിശോധിക്കുക.
  • പുറത്തുനിന്നുള്ള ഗ്യാസ് ലൈനുകളുടേയും സിലിണ്ടറുകളുടേയും കണക്ഷന്‍ ഊരിമാറ്റുക.
  • ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ കെട്ടിടങ്ങളില്‍ മാത്രം കയറുക.

കെട്ടിടത്തിനകത്തു പ്രവേശിക്കുമ്പോള്‍

  • മുറിവുകളും അപകടങ്ങളും ഒഴിവാക്കാന്‍ ഉറപ്പുള്ള ഷൂസുകള്‍ ധരിച്ചുമാത്രം അകത്തു പ്രവേശിക്കുക.
  • ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ മാത്രം വെളിച്ചത്തിനായി ഉപയോഗിക്കുക.
  • പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള കേടായ ഗ്യാസ് ലൈനുകളും കുറ്റികളും ഇലക്ട്രിക് സര്‍ക്യൂട്ടുകളും ശ്രെദ്ധിക്കുക.
  • ഇലക്ട്രിക് തകരാറുകള്‍ പരിശോധിക്കുന്നതിനു മുന്‍പേതന്നെ മെയിന്‍ സ്വിച്ച്കളോ MCB കളോ ഓഫ്‌ ചെയ്യുക.
  • ഓരോ ഭിത്തികളും തറയും വാതിലുകളും കതകുകളും പരിശോധിച്ച് തകര്‍ന്നു വീഴില്ലയെന്ന് ഉറപ്പുവരുത്തുക.
  • ഇഴജെന്തുക്കളും മറ്റു ജീവികളും എവിയെങ്കിലും കയറിയിരിപ്പുണ്ടോ എന്ന് പരിശോധിക്കുക.
  • എല്ലാ ജനാലകളും വാതിലുകളും പരമാവധി തുറന്നിട്ട്‌ സൂര്യപ്രകാശവും വായുവും കടത്തിവിടുക.
  • വേണ്ട മുന്‍കരുതല്‍ എടുത്ത ശേഷം മാത്രം വളര്‍ത്തു മൃഗങ്ങളുടെയോ അല്ലാത്തവയുടെയോ അഴുകിയ ജഡങ്ങള്‍ നീക്കം ചെയ്യുക.
  • പേപ്പര്‍ രൂപത്തിലുള്ള നനഞ്ഞ രേഖകള്‍ ഉണക്കിയ ശേഷം മാത്രം പരിശോധിക്കുക.

ഫോട്ടോ എടുക്കാന്‍ മറക്കേണ്ട.

  • ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ ലഭിക്കുവാന്‍ കെട്ടിടത്തിന്റെ മുഴുവനായും കേടുപാടുകള്‍ വന്നഭാഗത്തിന്റെ പ്രത്യേകിച്ചും ഫോട്ടോയോ വീഡിയോകളോ എടുത്തു വെക്കേണ്ടതാണ്.
  • നശിച്ച വീട്ടുസാമഗ്രികളുടെയും വാഹനങ്ങളുടെയും അവസ്ഥകളും ഇത്തരത്തില്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിക്കേണ്ടതാണ്.

വിദഗ്ദ്ധ സേവനങ്ങള്‍ തേടുക

  • ആവശ്യമായ ചികിത്സകള്‍ തേടുക. ചെറിയ മുറിവുകളോ വയ്യാഴികയോ ഗൗനിക്കാതെ പോകരുത്.
  • ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാഹനങ്ങളും LPG ഗ്യാസും വൈദക്ത്യം ഉള്ളവരെക്കൊണ്ട്മാത്രം പ്രവത്തിപ്പിച്ചു നോക്കുക.

അപ്പോഴും വീട് അത്ര സുരക്ഷിതമല്ല എന്തുകൊണ്ട് ?

  • കിണറ്റിലെ വെള്ളം വറ്റിച്ച് ശുദ്ധത ഉറപ്പുവരുത്തി മാത്രം തുടര്‍ന്ന് ഉപയോഗിക്കുക.
  • വെള്ളത്തില്‍ വീണ അടച്ചു വെച്ചിരുന്നതോ അല്ലാത്തതോ ആയ മരുന്നുകളും ഭക്ഷണ പദാര്‍ഥങ്ങളും ഉപേക്ഷിക്കുക.
  • അശുദ്ധ ജലം കേറാന്‍ സാദ്ധ്യത ഉള്ളതുകൊണ്ട് വീട്ടിലെ പൈപ്പ് വെള്ളം 10 മിനിറ്റ് എങ്കിലും തിളപ്പിക്കാതെ കുടിക്കാന്‍ ഉപയോഗിക്കരുത് .
  • കുട്ടികളെ വെള്ളക്കെട്ടുള്ളിടത്ത് കളിക്കാന്‍ അനുവദിക്കരുത്.
  • ഇടക്കിടക്ക് അണുനാശിനികള്‍ വിതറി കൊതുകുകള്‍ മുട്ടയിടുന്നത്‌ തടയുക.
  • അഴുക്കുജലം ഒഴുക്കുന്ന അടഞ്ഞ ചാലുകളും തുറക്കുക.
  • പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുക.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *