Press "Enter" to skip to content

ഒരിറ്റു കരുണയ്ക്കായി കാത്തിരിക്കുന്നവര്‍

കനിവു കാണിക്കൂ, എന്തെന്നാല്‍  നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും  നിങ്ങളെക്കാള്‍ കഠിനമായ പോരാട്ടത്തില്‍ ആണ്

  • പ്ലേറ്റോ*

ഒരു കാലത്തു  ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഒരു ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കെന്റ് നെര്‍ബണ്‍ (Kent Nerburn) എന്ന എഴുത്തുകാരന്‍, തന്‍റെ  ജീവിതത്തിലെ  ഒരു അനുഭവം പിന്നീട് ഇപ്രകാരം വിവരിക്കുകയുണ്ടായി:

‘നഗരത്തിന്‍റെ തിരക്കൊഴിഞ്ഞ ഒരു  ഭാഗത്തു നിന്നായിരുന്നു ആ രാത്രിയിലെ എന്‍റെ അവസാനത്തെ സവാരി എടുക്കേണ്ടിയിരുന്നത്. എനിക്കു ലഭിച്ചിരുന്ന മേല്‍വിലാസത്തില്‍ ഞാന്‍ എത്തി. ആ കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലെ ഒരു ജനാലയില്‍ കണ്ട വെളിച്ചം ഒഴിച്ചാല്‍ ആ കെട്ടിടം മുഴുവനായി  ഇരുട്ടു മൂടി നിന്നു.  സമയം വെളുപ്പിനു രണ്ടര മണി. ഞാന്‍ കാറിന്‍റെ ഹോണ്‍ മുഴക്കി. അല്‍പ്പം കാത്തിരുന്നിട്ടും ആരെയും കണ്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ടാക്സി ഡ്രൈവര്‍മാര്‍ ഒന്നോ രണ്ടോ തവണ ഹോണ്‍ മുഴക്കിയശേഷം ആരും പുറത്തു വന്നില്ലെങ്കില്‍ അധികം കാത്തു നില്‍ക്കാതെ ഓടിച്ചു പോവുകയാണ് പതിവ്. കാരണം എവിടെയും ആപത്തു പതിയിരിക്കാം. എന്നാല്‍ ഇത്തവണ എനിക്ക് അതിനു മനസ്സുവന്നില്ല. ഞാന്‍ കാറിനു പുറത്തിറങ്ങി ജനാലയിലൂടെ ഉള്ളില്‍ വെളിച്ചം കണ്ട മുറിയുടെ വാതിലിനടുത്തേക്കു നടന്നു. വാതില്‍ക്കല്‍ എത്തിയ ഞാന്‍ പതിയെ ആ വാതിലില്‍ മുട്ടി.

“ഒരു മിനിട്ട്”, മുറിക്കുള്ളില്‍ നിന്നും വൃദ്ധയായ ഒരു സ്ത്രീയുടെ ക്ഷീണിച്ച സ്വരം. അകത്ത് തറയിലൂടെ എന്തോ വലിച്ചിഴയ്ക്കുന്നതിന്റെ ശബ്ദം. ഞാന്‍ ക്ഷമയോടെ കാത്തു നിന്നു.

ഒടുവില്‍ ആ വാതില്‍ തുറക്കപ്പെട്ടു. എണ്‍പതു വയസ്സു പ്രായം തോന്നിക്കുന്ന, പുള്ളിയുടുപ്പിട്ട ഒരു കൊച്ചു സ്ത്രീ എന്‍റെ മുന്‍പില്‍ നിന്നു.  അവരുടെ തലയില്‍ കാലഹരണപ്പെട്ട ഒരു ഹാറ്റ്‌. ഒരു മുഖപടം അതില്‍ നിന്നും താഴേക്കു തൂങ്ങിക്കിടന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളിലെ ഏതോ ഹോളിവുഡ്‌ ചലച്ചിത്രത്തില്‍ നിന്നും ഇറങ്ങിവന്ന ഒരു കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവരുടെ വേഷം. അവരുടെ കാല്‍ക്കല്‍  ഒരു കൊച്ചു നൈലോണ്‍ പെട്ടി.

ഞാന്‍ ആ മുറിക്കുള്ളിലേക്കു കണ്ണോടിച്ചു. വളരെക്കാലമായി താമസമില്ലാതെ കിടന്ന ലക്ഷണം. വീട്ടുപകരണങ്ങള്‍ എല്ലാം വിരിപ്പുകള്‍കൊണ്ടു മൂടിയിരുന്നു. ഭിത്തിയില്‍ ഘടികാരം ഇല്ല. പാത്രങ്ങളും മറ്റ് അടുക്കള സാമാനങ്ങളും വെയ്ക്കാനുള്ള കൌണ്ടറിനു മുകളില്‍ ഒന്നും കണ്ടില്ല.  മുറിയുടെ മൂലയില്‍ ഒരു കാര്‍ഡ് ബോര്‍ഡ്‌പെട്ടിക്കുള്ളില്‍ നിറയെ പഴയ ഫോട്ടോകളും കുറെ ചില്ലുപാത്രങ്ങളും.

“എന്‍റെ ഈ പെട്ടി ഒന്നു കാറില്‍ എടുത്തു വെയ്ക്കുമോ?” അവര്‍ ചോദിച്ചു. “എന്‍റെ ആരോഗ്യസ്ഥിതി അല്പം മോശമാണ്”.

ഞാന്‍ കുനിഞ്ഞ് ആ പെട്ടിയുമെടുത്തു കാറിനടുത്തേക്ക് നടന്നു. അതു കാറിനുള്ളില്‍ വെച്ചശേഷം അവരെ സഹായിക്കാനായി ഞാന്‍ മടങ്ങിച്ചെന്നു. അവര്‍ എന്‍റെ കൈത്തണ്ടയില്‍ മുറുകെപ്പിടിച്ചുകൊണ്ടു സാവകാശം കാറിനടുത്തേക്ക് നീങ്ങി. ഈ സമയമൊക്കെയും അവര്‍ എന്നോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് അല്‍പ്പം ജാള്യത അനുഭവപ്പെട്ടു.

“അതൊന്നും കാര്യമാക്കേണ്ട” ഞാന്‍ പറഞ്ഞു. “എന്‍റെ അമ്മയെ മറ്റുള്ളവര്‍ എങ്ങനെ കരുതണം എന്നു ഞാന്‍ ആശിക്കുന്നുവോ, അതുപോലെതന്നെയാണ്  എന്‍റെ യാത്രക്കാരോടും ഞാന്‍ പെരുമാറുന്നത്”.

“നീ ഒരു നല്ല മകനാണ്” ആ വൃദ്ധ പറഞ്ഞു.

കാറിനുള്ളില്‍ കയറിയ അവര്‍ ഒരു മേല്‍വിലാസം എന്‍റെ കയ്യില്‍ തന്നു. “നമുക്കു നഗരത്തിനുള്ളിലൂടെ പോകാമോ?”

“അതു ദൂരക്കൂടുതല്‍ ആയിരിക്കും”, ഞാന്‍ പറഞ്ഞു.

“ഓ. അതു സാരമില്ല; എനിക്കു ധൃതിയൊന്നും ഇല്ല; ഞാന്‍ പോകുന്നത് ഒരു വൃദ്ധ സദനത്തിലേക്കാണ്”.

പിന്നിലേക്ക് നോക്കാനുള്ള കണ്ണാടിയിലൂടെ ഞാന്‍ ആ വൃദ്ധയുടെ മുഖത്തേക്കു നോക്കി. അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.

“എനിക്ക് ബന്ധുക്കളായി ആരുമില്ല”, അവര്‍ തുടര്‍ന്നു. “ഡോക്ടര്‍ പറഞ്ഞത് എനിക്കിനി അധിക ദിവസങ്ങള്‍ ബാക്കിയില്ല എന്നാണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഞാന്‍ ഈ സ്ഥലത്തേക്കു താമസം മാറ്റുന്നത്”.

ഞാന്‍ കൈ നീട്ടി കാറിന്റെ വാടക രേഖപ്പെടുത്തുന്ന മീറ്റര്‍ ഓഫാക്കി. “ഏതു വഴി പോകാനാണ് അമ്മ ആഗ്രഹിക്കുന്നത്”, ഞാന്‍ ചോദിച്ചു.

അടുത്ത രണ്ടു മണിക്കൂര്‍ ആ ടാക്സി നഗരത്തിനുള്ളിലൂടെ ഓടിക്കൊണ്ടിരുന്നു. അവര്‍ ഒരിക്കല്‍ ജോലി ചെയ്തിരുന്ന കെട്ടിടം അവര്‍ എനിക്കു ചൂണ്ടിക്കാണിച്ചു തന്നു. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്‍റെ അയല്‍പക്കങ്ങളിലൂടെ കാര്‍ ചുറ്റിത്തിരിഞ്ഞു. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുന്‍പില്‍ അവര്‍ ആഗ്രഹിച്ചപ്രകാരം അല്‍പ്പനേരം ഞാന്‍ കാര്‍ നിര്‍ത്തിയിട്ടു. ചെറുപ്പകാലത്ത് അവര്‍ നൃത്തം ചെയ്യാന്‍ പോകാറുണ്ടായിരുന്ന ‘ബാള്‍ റൂം’ ആയിരുന്നു ഒരിക്കല്‍ ആ കട. ചില തെരുക്കോണുകളിലും, കെട്ടിടങ്ങളുടെ സമീപവും എത്തിയപ്പോള്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പുറത്തു മരവിച്ചു നിന്ന ഇരുട്ടിലേക്കു തുറിച്ചുനോക്കി നിശബ്ദയായി അവര്‍ കാറില്‍ ഇരുന്നു.

ഉദയസൂര്യന്‍റെ ആദ്യ വെട്ടം കണ്ടുതുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, “ഞാന്‍ നന്നേ തളര്‍ന്നു. ഇനി നമുക്കു പോകാം”.

അവര്‍ നല്‍കിയിരുന്ന മേല്‍ വിലാസം ലക്ഷ്യമാക്കി കാര്‍ കുതിച്ചു. കാറിനുള്ളില്‍ മ്ലാനമായ മൌനം തളം കെട്ടി നിന്നു. കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തി. കാര്‍ നിന്നതും, കെട്ടിടത്തിനുള്ളില്‍ നിന്നും രണ്ടു പേര്‍ ധൃതിയില്‍ കാറിനടുത്തേക്ക് വന്നു. ഞാന്‍ കാറിനു പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ അവര്‍ പിന്‍വാതില്‍ തുറന്ന് ആ വൃദ്ധയെ ഇറങ്ങാന്‍ സഹായിച്ചു.  ആ വൃദ്ധയുടെ വരവും കാത്തു നില്‍ക്കുകയായിരുന്നിരിക്കാം ആ മനുഷ്യര്‍`.

കാറിന്‍റെ ഡിക്കി തുറന്ന് ആ അമ്മയുടെ കൊച്ചു നൈലോണ്‍ പെട്ടിയുമെടുത്തുകൊണ്ടു ഞാന്‍  ആ കെട്ടിടത്തിന്റെ വാതില്‍ക്കലേക്കു നീങ്ങി. ഇതിനിടയില്‍ത്തന്നെ ഒരു വീല്‍ ചെയറില്‍ അവരെ ഇരുത്തിക്കഴിഞ്ഞിരുന്നു.

“എത്രയാണ് കാര്‍ വാടക?” തന്‍റെ പഴ്സിനു വേണ്ടി ആഞ്ഞുകൊണ്ട്‌ ആ അമ്മ എന്നോടു ചോദിച്ചു.

“ഒന്നുമില്ല”, ഞാന്‍ മറുപടി പറഞ്ഞു.

“ജീവിക്കാനുള്ള വരുമാനം നിങ്ങള്‍ക്കും വേണ്ടേ?”, അവര്‍ ചോദിച്ചു.

“വേറെയും യാത്രക്കാര്‍ ഉണ്ടല്ലോ”, ഞാന്‍ മറുപടി പറഞ്ഞു.

ഞാന്‍ ആ വൃദ്ധയുടെ ക്ഷീണിച്ച മുഖത്തേക്കു നോക്കി. എന്നിട്ട് ഒന്നും ചിന്തിക്കാതെ  കുനിഞ്ഞ് അവരെ ഞാന്‍ കെട്ടിപ്പിടിച്ചു. അവര്‍ എന്നെ മുറുകെ ചേര്‍ത്തുപിടിച്ചു.

“ഒരു വൃദ്ധയ്ക്ക് നീ സന്തോഷത്തിന്‍റെ ഒരു നിമിഷം നല്‍കിയല്ലോ”, അവര്‍ പറഞ്ഞു. “നന്ദി”.

കൂടുതല്‍ ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടെ ആ അമ്മയുടെ വിറയ്ക്കുന്ന കൈ മെല്ലെ അമര്‍ത്തിയശേഷം ആ മങ്ങിയ പ്രഭാത വെളിച്ചത്തിലേക്ക് ഞാന്‍ നടന്നകന്നു. പിന്നില്‍ ഒരു വാതില്‍ അടയുന്ന ഒച്ച ഞാന്‍ കേട്ടു. അടഞ്ഞത് ഒരു കെട്ടിടത്തിന്‍റെ വാതില്‍ ആയിരുന്നില്ല. ഒരു ജീവിതം ആയിരുന്നു.

ആ ഷിഫ്റ്റില്‍ വേറെ യാത്രക്കാരെ ഞാന്‍ എടുത്തില്ല. ചിന്തയില്‍ മുഴുകി എന്‍റെ ടാക്സിയുമായി ലക്ഷ്യമില്ലാതെ ഞാന്‍ ന്യൂയോര്‍ക്ക് നഗരവീഥികളിലൂടെ അലഞ്ഞു. ഞാന്‍ ചിന്തിച്ചു… എനിക്കു പകരം ആ സ്ത്രീയെ എടുക്കാന്‍ പോയിരുന്നതു മുന്‍കോപിയായ ഒരു ഡ്രൈവര്‍ ആയിരുന്നെങ്കിലോ? അതല്ലെങ്കില്‍ എത്രയും വേഗം തന്റെ ഷിഫ്റ്റ്‌ അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍ ധൃതിയുള്ള ഒരാള്‍  ആയിരുന്നു എന്‍റെ സ്ഥാനത്ത് എങ്കിലോ? ഒരു തവണ ഹോണ്‍ മുഴക്കി ആളെ കാണാഞ്ഞതിനാല്‍ ഞാന്‍ പതിവുപോലെ മടങ്ങിപ്പോയിരുന്നു എങ്കിലോ… അതുമല്ലെങ്കില്‍ ഞാന്‍ മാനസ്സികമായി അസ്വസ്ഥനായിരിക്കയും ആ പാവം സ്ത്രീയോടു സംസാരിക്കാന്‍ മിനക്കെടാതിരിക്കയും ചെയ്തെങ്കിലോ… ഇത്തരത്തിലുള്ള എത്ര അവസ്ഥകള്‍ ഞാന്‍ അവഗണിച്ചു കടന്നു പോയിരിക്കാം; ഞാന്‍ ഗ്രഹിക്കാതെ ഉപേക്ഷിച്ചു പോയിരിക്കാം.

നമ്മുടെയെല്ലാം ജീവിതങ്ങള്‍ മഹത്തായ നിമിഷങ്ങളെ വട്ടമിട്ടു കറങ്ങുകയാണ് എന്നാണു  നാം പലപ്പോഴും ചിന്തിക്കാറുള്ളത്. എന്നാല്‍ മഹത്തായ നിമിഷങ്ങള്‍ മിക്കപ്പോഴും ഓര്‍ക്കാപ്പുറത്ത്‌ നമ്മെ കടന്നു പിടിക്കയാണ് ചെയ്യുന്നത്. ജീവിതത്തില്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കിനിന്ന ആ വൃദ്ധ എന്നെ ചേര്‍ത്തണച്ചുകൊണ്ട്, അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ ഒരു നിമിഷം സമ്മാനിക്കാന്‍ ഞാന്‍ മുഖാന്തിരമായി എന്നു പറഞ്ഞപ്പോള്‍, ഈ ലോകത്തില്‍ എന്നെ ആക്കി വെച്ചത് ആ പാവം വൃദ്ധയുടെ ജീവിതത്തിലെ അവസാന കാര്‍ യാത്രയില്‍ അവര്‍ക്കു കൂട്ടാകാനായി മാത്രം ആയിരുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ തോന്നുന്നു. അതിനേക്കാള്‍ ശ്രേഷ്ഠമായ എന്തെങ്കിലും എനിക്ക് ഇതുവരെയുള്ള എന്‍റെ ജീവിതത്തില്‍ ചെയ്യാനായി എന്നു ഞാന്‍ കരുതുന്നില്ല.

(Adapted from “Make me an Instrument of Your Peace” by Kent Nerburn)

*“Be kind, for everyone you meet is fighting a harder battle.”

― Plato

One Comment

  1. വേണുവാര്യത്ത് വേണുവാര്യത്ത് July 15, 2017

    ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ടതും കരുണ തന്നെ
    അഥവാ ഉള്ളയിടങ്ങളിൽ വേറെ എന്തെങ്കിലും
    ഒളിഞ്ഞിരിപ്പുണ്ടാകും? സർവ്വസാധാരണമായ
    അനുഭവവും കാഴ്ചയുമുണ്ട് !!!

Leave a Reply to വേണുവാര്യത്ത് Cancel reply

Your email address will not be published. Required fields are marked *