കിഴക്കിന്‍റെ പാരീസിലേക്കൊരു പ്രണയ സഞ്ചാരം

2

ഓർമ്മകളിലേക്കൊരു തിരിച്ചുപോക്ക് എന്ന് ഞാൻ ഈ പുതുച്ചേരി യാത്രയെ വിശേഷിപ്പിക്കുമ്പോൾ ഒരു തരത്തിൽ അതൊരു നുണയാകും, കാരണം ഇതിനു മുൻപ് ഒരിക്കൽ പോലും ഞാൻ ഈ നഗരത്തിൽ എത്തിപ്പെട്ടട്ടില്ല. എന്നാൽ വായിച്ചും കേട്ടും ഒരുപാട് കൊതിച്ചിട്ടുള്ളതാണ്, പ്രണയത്തിന്റെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചുട്ടുള്ളതാണ്.  ചരിത്രമുറങ്ങുന്ന നഗരം, കോളോണിയൽ മാസ്മരികതയുടെ നഗരം എന്നപോലെ തന്നെ പ്രണയത്തിന്റെ നഗരം കൂടിയാണ് പുതുച്ചേരി (ആപേക്ഷികം).

പുതുച്ചേരിയെ കുറിച്ചുള്ള എന്റെ ഓർമ്മകൾക്കൊക്കെയും ചോക്ലേറ്റിന്റെ കൊതിപ്പിക്കുന്ന മണമാണ്; എന്താണെന്നോ അവിടെ നിന്നും എന്നിലേക്കെത്തിയ പ്രണയക്കുറിമാനങ്ങൾക്കൊപ്പം എന്നും ചോക്കോളയുടെ വർണ്ണപ്പൊതികളു- മുണ്ടായിരുന്നു.  ഒട്ടും കാല്പനികമല്ലാതിരുന്നിട്ടുകൂടിയും പുതുച്ചേരിയെക്കുറിച്ചുള്ള വർണ്ണനകളുണ്ടായിരുന്നു.

ട്രെയിനിറങ്ങിയ നിമിഷം മുതൽ ആ ചെറുനഗരവുമായി ഒരു അടുപ്പം തോന്നി തുടങ്ങി. കൊച്ചി പോലെയോ ബംഗളുരു പോലെയോ അത്ര വിശാലമല്ല പുതുച്ചേരി, അത് കൊണ്ട് തന്നെ ഷോപ്പിംഗ് മാളുകളുടെയുംമറ്റും ഭ്രമിപ്പിക്കലുകളും നന്നേ കുറവാണ്.  പുതുച്ചേരിയുടെ കാല്പനിക സൗന്ദര്യം  കാണാൻ തുടങ്ങുക ഫ്രഞ്ച് സ്ട്രീറ്റിലേക്ക് കടന്നു കഴിയുമ്പോഴാണ്.  വെള്ളയും മഞ്ഞയും  ഒഴിച്ചാൽ നിറങ്ങളുടെ വാരിപ്പൂശലുകളില്ല.   ഫ്രഞ്ച് വാസ്തുശില്പചാതുരിയിൽ മുങ്ങി നിൽക്കുന്ന വീടുകളും പേരറിയാത്ത ഏതൊക്കെയോ മരങ്ങളും നിഴൽ വിരിച്ച വഴിയിലൂടെ നടന്നു നീങ്ങുമ്പോൾ ആ മതില്‍ക്കെട്ടിനുള്ളിലെ ജീവിതങ്ങൾ എങ്ങനെയായിരിക്കും എന്നത് കൗതുകത്തോടെ ചിന്തിച്ചു. തമിഴ്നാടാണെങ്കിലും ഫ്രഞ്ച് സ്ട്രീറ്റിൽ നിൽക്കുമ്പോൾ നമുക്ക് ചെറിയൊരു ഫ്രാൻസാണെന്നു തോന്നിപ്പോകും. കനകാമ്പരവും മല്ലിപ്പൂവും ചൂടിയ ഒരു ഫ്രഞ്ച് സുന്ദരി- അതാണ് പുതുച്ചേരി!    പ്രിയമുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ പുതുച്ചേരിയുടെ തെരുവുകൾ ഒരിക്കലും നമ്മെ ക്ഷീണിപ്പിക്കുകയില്ലെന്നത് തീർച്ച; പകലിരുട്ടുവോളം അങ്ങനെ ആ ചെറു വഴിതിരുവുകളിലൂടെ കൈപിടിച്ചങ്ങു നടന്നു തീർക്കാം .

പുതുച്ചേരിയുടെ  കടൽത്തീരങ്ങളും  ഒന്നിനോടൊന്നു വ്യത്യസ്തം തന്നെയാണ്. പ്രൊമെനാഡ് ബീച്ച് അഥവാ റോക്ക് ബീച്ചാണ് ഫ്രഞ്ച് സ്ട്രീറ്റിനോട് ഏറെ അടുത്ത്‌ കിടക്കുന്നത്. ഗാന്ധി ബീച്ചെന്നും ഇതിനു പേരുണ്ട്. അതിനു കാരണം അവിടെയുള്ള ഗാന്ധിപ്രതിമ തന്നെ. റോക്ക് ബീച്ചിൽ കടലിന്റെ സൗന്ദര്യം ആവോളം കണ്ടാസ്വദിക്കാം പക്ഷെ കടലിനെ അറിയാനും, കടലിനോട് സല്ലപിക്കാനും നമുക്ക് അവിടെ കഴിയില്ല. വലിയ പാറകഷ്ണങ്ങൾ കൊണ്ട് കടല്‍ ത്തിരകളെ തടുത്തു വെച്ചിരിക്കുകയാണവിടെ.  ഗാന്ധി പ്രതിമയുടെ മുന്നിൽ തന്നെ ഒരു ഓപ്പൺ സ്റ്റേജുണ്ട്; അന്ന് അവിടെ ട്രാഫിക് ബോധവൽക്കാരണത്തെക്കുറിച്ചുള്ള ഒരു പ്രോഗ്രാം ആയിരുന്നു . ഭരതനാട്യവും മറ്റുമുണ്ടായിരുന്നു. ആ ചെറിയ ഗ്രൗണ്ടിൽ നിറയെ കാഴ്ച്ചക്കാരും- സ്വദേശീയരും വിദേശീ യരും ഉൾപ്പെടെ ഏറെക്കുറെ വിനോദസഞ്ചാരികൾ തന്നെ.

പ്രൊമെനാഡ് ബീച്ചിനോട് ചേർന്നു തന്നെയാണ് പുതുച്ചേരിയുടെ ഭരണസിരാകേന്ദ്രവും സ്ഥിതി ചെയ്യുന്നത്.  റോക്ക് ബീച്ചിന് അഭിമുഖമായി ധാരാളം ഹോട്ടലുകളും ഓപ്പൺ ടെറസ് റസ്റ്റോറന്റുകളുമുണ്ട്‌.  വിനോദസഞ്ചാരികൾ തന്നെ ലക്ഷ്യം.  പ്രൊമെനാഡ് ബീച്ചിൽ നിന്നും വ്യത്യസ്തമാണ് പരഡൈസ് ബീച്ച്. നഗരത്തിൽ നിന്നും 8 കിലോമീറ്റർ  സഞ്ചരിക്കണമെന്നു മാത്രം. വളരെ വിശാലമായ മനോഹരമായ ഒരു കടൽത്തീരം. Chunnambar ബീച്ച് എന്നാണ് പേരെങ്കിലും അതിനേക്കാൾ ഈ തീരത്തിനു യോജിക്കുക പരഡൈസ് ബീച്ച് എന്ന് തന്നെയാണ്; അത്രയ്ക്ക് ചിത്രോപമമായ കാഴ്ച്ചയാണ് നീലക്കടലും തീരവും ചേർന്നു നമുക്കായി ഒരുക്കുന്നത്. പുതുച്ചേരി നഗരത്തിൽ നിന്നും അധികം ദൂരെയല്ലാതെ തന്നെയുള്ള മറ്റൊരു ബീച്ചാണ് ഓറൊ ബീച്ച്. മറ്റു ബീച്ചുകളിലെ പോലെ വലിയ തിരക്കൊന്നുമില്ലെങ്കിലും നല്ല തണുത്ത കാറ്റേറ്റിരുന്നു ശാന്തമായി വൈകുനേരങ്ങൾ ചിലവഴിക്കാൻ പറ്റിയൊരിടം. മരങ്ങൾ നിഴൽ വിരിച്ച അവിടേക്കുള്ള വഴികളും നമ്മെ വല്ലാതെ റിലാക്സ്ഡ് ആക്കും.

പുതുച്ചേരിയിലെ മറ്റൊരു മനോഹരമായ കാഴ്ചയാണ് തിരുകാമേശ്വര ക്ഷേത്രം. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഒരു ക്ഷേത്രം. ചോള രാജാക്കന്മാരുടെ കാലത്തു നിർമ്മിച്ചതാണത്രെ. ക്ഷേത്രത്തിന്റെ ഗോപുരങ്ങളും ചുറ്റുമതിലും ഒക്കെ ശില്പങ്ങളാൽ അലംകൃതമാണ്. എന്നാൽ എനിക്ക് കാണേണ്ടിയിരുന്നത് അവിടുത്തെ ക്ഷേത്ര കുളമായിരുന്നു. ചിത്രങ്ങളിലും മറ്റും കണ്ടു വളരെ ആഗ്രഹിച്ചതാണ് നിറയെ  കൽപടവുകളോടുകൂടിയ ക്ഷേത്രകുളം. പക്ഷെ അതെല്ലാം ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി വറ്റിച്ചു കളഞ്ഞിരിക്കുന്നു. തിരുകാമേശ്വര ക്ഷേത്രത്തിലെ രഥോത്സവവും വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തിനു മുന്നിലായി തന്നെ ഭീമാകാരമായ വലിപ്പത്തിൽ രഥങ്ങൾ കാണാം.

ഒരു വിനോദസഞ്ചാരകേന്ദ്രമായതിനു ശേഷം പുതുച്ചേരി ആകെ മാറിയിരിക്കാം (പഴയ പുതുച്ചേരി എനിക്ക് പരിചയമില്ലതാനും). എന്നാലും അവിടെ സ്ഥായിയായ ഒരു ശാന്തത യുണ്ട്. നല്ല ഒന്നാന്തരം ഫ്രഞ്ച് ക്യസ്ഇനുകൾ ലഭിക്കുന്ന റസ്റ്റോറന്റുകളും കഫറ്റീരിയകളും ഒരുപാടുണ്ടെങ്കിലും ബഹളങ്ങളൊന്നും തന്നെയില്ല. അത് കൊണ്ടു തന്നെയായിരിക്കും അർബിന്ദഘോഷ് ഈ തീരം തന്നെ തിരഞ്ഞെടുത്തത്.  അരബിന്ദാശ്രമം സന്ദർശിച്ചു കഴിയുമ്പോൾ  നിശ്ശബ്ദതയുടെയും ശാ ന്തതയുടെയും കൊടുമുടി താണ്ടിയ ഒരു അനുഭവമാണുണ്ടായത്.  അതു പോലെ തന്നെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഓറോ വില്ലേജ്.  മാത്രി മന്ദിർ ഉള്ളില്‍നിന്ന്  കാണാൻ കഴിഞ്ഞില്ലെങ്കിലും പുറമെയുള്ള കാഴ്ചയും ഒരു അത്ഭുതം തന്നെ.

ഒരു നഗരത്തിന്റെ വളരെ വ്യത്യസ്ത മുഖങ്ങളാണ് നമുക്ക് പുതുച്ചേരിയിൽ കാണാൻ കഴിയുക. പ്രോമാനെട് ബീച്ചിനോട് ചേർന്നുള്ള ഭാഗത്ത് ഒരു ഫ്രഞ്ച് കൊളോണിയൽ നാഗരികതയും പുതുച്ചേരി ടൗണിലേക്ക് വരുമ്പോൾ ഒരു തമിഴ് നഗരാന്തരീക്ഷവും നമുക്ക് അനുഭവിക്കുവാൻ കഴിയും.  ഇത്രയും വൈരുധ്യമുള്ള രണ്ടു സംസാകാരങ്ങൾ വളരെ ചെറിയൊരു ചുറ്റളവിൽ എങ്ങനെ നിലനിൽക്കുന്നുവെന്നും ഒക്കെയുള്ള ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.

ഫ്രഞ്ച് സ്ട്രീറ്റിലെ തട്ടുകടയിൽ നിന്നും കഴിച്ച ഇഡ്ഡലിയും സാമ്പാറും തന്നത് വേറിട്ടൊരു അനുഭവമായിരുന്നു; ഒരു ഓർമ്മപ്പെടുത്തലും. ഓരോ നാടും  വ്യത്യസ്തമാണ്, ഋതുക്കൾ മാറുന്ന പോലെ ഓരോ നാടും പിന്നിടുമ്പോൾ നമുക്ക് അനുഭവവേദ്യമാകുന്ന കാര്യങ്ങളും കാഴ്ചകളും വളരെ വ്യത്യസ്തമായിരിക്കും.  പുതുച്ചേരിയെന്ന ചെറിയ പട്ടണത്തിൽ പോലും വളരെ വൈവിധ്യമാർന്ന കാഴ്ചകൾ സംസ്കാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ക്രിസ്ത്യൻ പള്ളികളും ചാപ്പലുകളും വൈൻ ഷോപ്പുകളും ധാരാളമുണ്ട് അവിടെ. അസ്വസ്ഥമായ മനുഷ്യമനസുകൾക്കു സന്തോഷത്തിനും സമാധാനത്തിനും വേണ്ടതെല്ലാം ആവശ്യത്തിനും അതിൽ കവിഞ്ഞും പുതുച്ചേരി നൽകുന്നു. തിളങ്ങുന്ന റെഡ് വൈനോടൊപ്പം പ്രൊമെനാഡ് ബീച്ചിൽ പ്രണയം ആഘോഷിക്കാം, ചാപ്പലുകൾ തോറും കയറി ഇറങ്ങി ദൈവങ്ങളുമായി സംവാദത്തിലേർപ്പെടാം, അരബിന്ദാശ്രമത്തിലെ നിശബ്ദതതയിൽ അലിഞ്ഞില്ലാതെയാകാം, ഫ്രഞ്ച് തെരുവുകളിലൂടെ ലാബെയുടെ കവിതകൾ മൂളി പ്രണയത്തെ നെഞ്ചോട് ചേർത്ത് പിടിച്ചു നടക്കാം.

തിരികെ പോരാനുള്ള നേരം അടുക്കുന്തോറും മനസ്സ് കൂടുതൽ കൂടുതൽ ആ നഗരത്തോട് അടുത്തുകൊണ്ടിരുന്നു. അങ്ങോട്ട് കൊടുത്ത സ്നേഹം അതിന്റെ ഇരട്ടി റൊമാന്റിക്കായി തിരിച്ചു തന്നു പുതുച്ചേരി.  അതുകൊണ്ടു തന്നെ ഒരിക്കൽ കൂടി പ്രണയം നുരയുന്ന ആ തീരത്തണയാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് മനസ്സിലുറപ്പുച്ചു യാത്ര പറഞ്ഞു….

SHARE
Previous articleദൈവത്തിന്‍റെ സംരക്ഷകര്‍
Next articleഅശ്വത്ഥാമാവ്
കൊല്ലം ജില്ലയില്‍ തഴവ എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു ചങ്ങനാശ്ശേരി അസ്സംഷന്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍വീസില്‍ ജോലിനോക്കുന്നു. ചെറിയ എഴുത്തും ചിന്തകളും കൂടെയുണ്ടെങ്കിലും വായനയാണ് ഏറെയിഷ്ടം.

2 COMMENTS

LEAVE A REPLY