Press "Enter" to skip to content

“നിന്‍റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക”

“ഉത്തമമായത് നിങ്ങള്‍ ലോകത്തിനു നല്‍കൂ, ഉത്തമമായത് നിങ്ങളിലേക്കു മടങ്ങിയെത്തും”

-മഡലിന്‍ ബ്രിഡ്ജ്1

ഏറ്റവും കുറച്ച് പ്രയത്നിച്ച് ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിക്കാനാണ് പൊതുവേ നമ്മുടെയെല്ലാം  ആഗ്രഹം. എന്നാല്‍ നിലനില്‍ക്കുന്ന  വിജയങ്ങള്‍ നേടിയെടുത്തവരുടെയെല്ലാം ജീവചരിത്രം നമ്മെ  പഠിപ്പിക്കുന്നത് ആത്മാര്‍ത്ഥമായ അധ്വാനമില്ലാതെ നേട്ടങ്ങള്‍ അസാധ്യമാണ് എന്നാണ്. വിജയത്തിലെത്താന്‍  കുറുക്കുവഴികള്‍ ഇല്ല. എന്നാല്‍ കുറുക്കു വഴികളിലൂടെ ചിലര്‍ ചിലപ്പോഴൊക്കെ ചില നേട്ടങ്ങള്‍ കൈവരിച്ചെന്നിരിക്കാം. പക്ഷേ  ആ നേട്ടങ്ങള്‍ ഏറെക്കാലം നിലനില്‍ക്കുക്കാന്‍ ഇടയില്ല.  അവ ചീട്ടു കൊട്ടാരങ്ങള്‍ പോലെ തകര്‍ന്നു വീഴുന്നതിന്റെ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും ധാരാളമാണ്.

പ്രസിദ്ധനായ ഒരു അമേരിക്കന്‍ കവി ഈ സത്യം വളരെ മനോഹരമായി അദ്ദേഹത്തിന്‍റെ  ഒരു കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്  ഏതാണ്ട് ഇപ്രകാരമാണ്: ‘മഹാന്മാരായ മനുഷ്യര്‍ കീഴടക്കിയതും, നിലനിര്‍ത്തിയതുമായ ഉയരങ്ങളില്‍ അവര്‍ ഒറ്റയടിക്ക് എത്തിയതല്ല. തങ്ങളുടെ   സഹയാത്രികര്‍ ഉറങ്ങിയ രാവുകളില്‍  അവര്‍ ബുദ്ധിമുട്ടി ഉയരങ്ങളിലേക്കു പിടിച്ചു കയറുകയായിരുന്നു.’2

ജീവിതത്തില്‍ യാതൊന്നും സൗജന്യമല്ല. നാം കൈവരിക്കുന്ന ഓരോ നേട്ടത്തിനും തക്കതായ വില നല്‍കേണ്ടിവരും എന്നതു പ്രപഞ്ചനിയമാമാണ്. വലിയതും, നിലനില്‍ക്കുന്നവയുമായ വിജയങ്ങള്‍ക്കു നല്‍കേണ്ടത് അനുയോജ്യമായ വലിയ വിലയായിരിക്കും. തളര്‍ന്നു പോകാത്ത പ്രയത്നമാണ് മിക്കപ്പോഴും വിജയങ്ങള്‍ക്കുള്ള വില.  അതേ സമയം, ഭഗവദ് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിക്കുന്നു, ‘കര്‍മ്മം ചെയ്യുക എന്നത് മാത്രമാണ് നിന്‍റെ അവകാശം, അല്ലാതെ അതിന്‍റെ പ്രതിഫലത്തിനുള്ളതല്ല. പ്രവര്‍ത്തികള്‍ക്കുള്ള പ്രതിഫലം ആയിരിക്കരുത് നിന്‍റെ ലക്ഷ്യം. പ്രവര്‍ത്തിക്കുന്നതില്‍ നിന്നും നിന്നെ യാതൊന്നും പിന്തിരിപ്പിക്കരുത്.’3 ഇതിന്‍റെ അര്‍ത്ഥം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നല്ല. ഓരോ പ്രവര്‍ത്തിക്കും തക്കതായ പ്രതിഫലം അതു ലഭിക്കേണ്ട സമയത്ത് ഉറപ്പായും ലഭിച്ചിരിക്കും. പക്ഷേ, ഹൃദയം  പ്രതിഫലചിന്തകളില്‍  ഉഴലുമ്പോള്‍, പ്രവര്‍ത്തനം സ്വതന്ത്രമാല്ലാതെയാവും. എല്ലാ മഹത്തായ കര്‍മങ്ങളും നിഷ്കാമ കര്‍മങ്ങള്‍ ആണ്.

ബൈബിള്‍ പറയുന്നു “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും”4 (വെള്ളമുള്ള പാടത്ത്  വിത്തെറിഞ്ഞാല്‍ പിന്നീട് അതു പലമടങ്ങായി  കൊയ്തെടുക്കാം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നതാണ് ഒരു വ്യാഖ്യാനം). വിത്തു പത്തായത്തില്‍ ഇട്ടു സൂക്ഷിച്ചു വെച്ചാല്‍ അതൊരിക്കലും ഫലം തരുകയില്ല. അതു വയലിലേക്ക് വലിച്ചെറിയുക. അപ്പോള്‍ അത് വലിയ വിളവു തരും. വിത്തു പത്തായത്തില്‍ സൂക്ഷിക്കുകയല്ല, അതു വെള്ളത്തില്‍ എറിയുക എന്നതാണ് നമ്മുടെ കര്‍മ്മം. വിളവ്‌ അതിന്റെ സമയത്ത് നമുക്കു ലഭിച്ചിരിക്കും.

ഒരു പ്രവൃത്തിയും ഒരിക്കലും പാഴായി പോകുന്നില്ല എന്നത് നാം ഓര്‍ക്കണം. നാം എന്തു വിതയ്ക്കുന്നോ അതു നാം കൊയ്തിരിക്കും. കാറ്റു വിതയ്ക്കുന്നവര്‍ കൊടുങ്കാറ്റു കൊയ്യും. നന്മ വിതയ്ക്കുന്നവര്‍ കൂടുതല്‍ നന്മ കൊയ്യും.  അതു നിശ്ചയമാണ്. എപ്പോള്‍, ഏതുവിധം എന്നതു മാത്രമാണ്, നമുക്ക് അറിയാന്‍ കഴിയാത്തത്. പക്ഷേ ആ അജ്ഞത നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ഒരു വിലങ്ങുതടി ആയി മാറരുത്.

മഹാകവി രവീന്ദ്ര നാഥ ടാഗോര്‍, അദ്ദേഹത്തിനു  നോബല്‍ സമ്മാനം നേടിക്കൊടുത്ത ‘ഗീതാഞ്ജലി’ എന്ന കൃതിയില്‍ ഈ സത്യം വളരെ ലളിതവും,  മനോഹരവുമായി ആവിഷ്കരിച്ചിരിക്കുന്നു. അത്  താഴെക്കൊടുത്തിരിക്കുന്ന പ്രകാരം മലയാളത്തില്‍ പരിഭാഷപ്പെടുത്താം:

‘വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷയെടുത്തു ഗ്രാമ വഴികളിലൂടെ നടക്കുമ്പോഴാണ് ഒരു ശോഭായമാനമായ സ്വപ്നം കണക്കെ അകലെ അങ്ങയുടെ കനക രഥം പ്രത്യക്ഷപ്പെട്ടത്.   രാജാധിരാജനായ അങ്ങ് ആരാണ് എന്ന് അടിയന്‍ ആശ്ചര്യപ്പെട്ടു.  അടിയന്‍റെ മോഹങ്ങള്‍ ചിറകടിച്ചുയര്‍ന്നു; ജീവിതത്തിലെ ദുര്‍ദിനങ്ങള്‍ക്ക് അറുതി വരുന്നു എന്നു അടിയന്‍  കരുതി. യാചിക്കാതെ ലഭിക്കാന്‍ പോകുന്ന ധര്‍മ്മത്തേയും, ചുറ്റുമുള്ള നിലത്തെ പൊടിയില്‍ വാരി വിതറപ്പെടാന്‍ പോകുന്ന സമ്പത്തിനേയുംക്കുറിച്ചുള്ള പ്രതീക്ഷകളോടെ  ആ വഴിയരികെ അടിയന്‍ നിന്നു.

അവിടത്തെ സ്വര്‍ണ്ണത്തേര്  അടിയന്‍റെ മുന്നിലെത്തി നിന്നു. അവിടത്തെ ദൃഷ്ടി അടിയനു മേല്‍ പതിഞ്ഞു. ഒരു പുഞ്ചിരിയോടെ അവിടുന്നു തേരില്‍ നിന്നിറങ്ങി ഈ ഏഴയുടെ അരികിലേക്കു വന്നു. ഒടുവില്‍ അടിയന്‍റെ ഭാഗ്യം തെളിഞ്ഞു എന്ന് അടിയനു തോന്നി. എന്നാല്‍ അങ്ങ് അവിടത്തെ കൈപ്പടം അടിയനു നേരെ നീട്ടി ‘എനിക്കു നല്‍കാന്‍ നിന്‍റെ കയ്യില്‍ എന്തുണ്ട്?’ അങ്ങ് അടിയനോടു ചോദിച്ചു.

ഹാ, യാചകനു മുന്നില്‍  കൈ തുറന്നു  ഭിക്ഷ തെണ്ടുന്ന വല്ലാത്ത രാജകീയ ഹാസ്യം. അടിയന്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്തു ചെയ്യണമെന്നറിയാതെ അടിയന്‍ പകച്ചു നിന്നു. ഒടുവില്‍ അടിയന്‍ അടിയന്‍റെ ഭിക്ഷസഞ്ചിയില്‍ പരതി സാവകാശം അതിനുള്ളില്‍ നിന്നും ഏറ്റവും ചെറിയ ഒരു ധാന്യ മണിയെടുത്ത് അങ്ങയുടെ ഉള്ളം കയ്യിലേക്കു വെച്ചു. അതു വാങ്ങി അങ്ങ് അങ്ങയുടെ വഴിക്കു പോയി.

ആ പകല്‍ മുഴുവന്‍ ഭിക്ഷയായി ലഭിച്ച  ധാന്യം സന്ധ്യയില്‍ ഞാന്‍ സഞ്ചിയില്‍ നിന്നും തറയിലേക്കു കമഴ്ത്തി. അതാ എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ എളിയ ധാന്യക്കൂനയില്‍ ഏറ്റവും ചെറിയ ഒരു സ്വര്‍ണ ധാന്യമണി. അടിയന്‍റെ പക്കല്‍ ഉണ്ടായിരുന്നതു മുഴുവനായി  അങ്ങേയ്ക്കു നല്‍കാന്‍ അടിയനു മനസ്സുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത്  ഞാന്‍ ചങ്കുപൊട്ടിക്കരഞ്ഞു.5

Notes:

1“Give the world the best you have, and the best will come back  to you.” (Madeline Bridge)

2”The heights by great men reached and kept

Were not attained by sudden flight,

But they, while their companions slept,

Were toiling upward in the night.” (Henry Wadsworth Longfellow – The Ladder of St. Augustine)

3कर्मण्येवाधिकारस्ते मा फलेषु कदाचन।

मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि॥ २-४७

4സഭാപ്രസംഗി 11:1

5“I HAD GONE a-begging from door to door in the village path, when thy golden chariot appeared in the distance like a gorgeous dream and I wondered who was this King-of all kings!

My hopes rose high and methought my evil days were at an end, and I stood waiting for alms to be given unasked and for wealth scattered on all sides in the dust.

The chariot stopped where I stood. Thy glance fell on me and thou earnest down with a smile. I felt that the luck of my life had come at last Then of a sudden thou didst hold out thy right hand and say ‘What hast thou to give to me?’

Ah, what a kingly jest was it to open thy palm to a beggar to beg! I was confused and stood undecided, and then from my wallet I slowly took out the least little grain of corn and gave it to thee.

But how great my surprise when at the day’s end I emptied my bag on the floor to find a least little grain of gold among the poor heap. I bitterly wept and wished that I had had the heart to give thee my all.” (Gitanjali – Poem No. 50 by Rabindranath Tagore)

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *