വര വിളഞ്ഞ പ്രളയകാലം

0
Drawing : Ani Varavila

കുറേ സ്വപ്നങ്ങളുടെ ഒലിച്ചുപോക്കായാണ്  മിക്കവരും കഴിഞ്ഞുപോയ പ്രളയത്തെ ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ചില പ്രതീക്ഷകളുടെ തുരുത്തും നമ്മള്‍ക്ക് അതിനിടയില്‍ കാണാന്‍ കഴിഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്നേഹവും കരുതലുമായിരുന്നു അതിലൊന്ന്. മറ്റൊന്ന് സര്‍ഗാത്മക സൃഷ്ടികളുടെ കുത്തൊഴുക്കായിരുന്നു.  ആനിമേഷനുകളായും പാട്ടുകളായും ചിത്രങ്ങളായും ട്രോളുകളായും നമ്മള്‍ അതിനെ കണ്ടു. എടുത്തുപറയേണ്ടത് മഴയില്‍ കുരുത്ത വരകള്‍ തന്നെയായിരുന്നു എന്നത് നിസ്സംശയം പറയാം.

പെയ്തുതീരാത്ത ദുഃഖമഴയിലും ചില ചിന്തകള്‍ക്ക് വിത്തുപാകുന്നുണ്ടായിരുന്നു ഇത്തരം സൃഷ്ടികള്‍.  നിര്‍ദോഷ ഫലിതങ്ങളും ആക്ഷേപഹാസ്യവും അമര്‍ഷവും ആശ്വാസവുമൊക്കെത്തന്നെ അതില്‍ നിറഞ്ഞു നിന്നിരുന്നു.

വെറും മഴയായി പതിഞ്ഞ താളത്തില്‍ പെയ്തുതുടങ്ങി പതിയെ പേമാരിയായി മേളപ്പെരുക്കത്തിനോടുവില്‍ പ്രളയപ്പെരുമ്പറക്കൊട്ടായി മാറുന്നത് നമ്മള്‍ നേരിട്ട് കണ്ടതാണ്. എന്നാല്‍ വരുംതലമുറ വാക്കുകളിലൂടെയും പലപ്പോഴായി പലരും എടുത്ത വീഡിയോകളിലൂടെയോ ഫോട്ടോകളിലൂടെയോ ആയിരിക്കും പ്രളയത്തെപറ്റി മനസ്സിലാക്കാന്‍ പോകുന്നത്.

ആ ദൃശ്യങ്ങളൊക്കെത്തന്നെ ദുരന്തത്തിന്‍റെ വ്യാപ്തിയോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മികവുകളോ ഓര്‍മ്മപ്പെടുത്തിയേക്കാം. അതിനപ്പുറം പ്രളയകാലത്തെസമൂഹമനസ്സോ ചര്‍ച്ചകളോ അതില്‍നിന്നും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.

എന്നാല്‍ ചില കലാകാരന്‍മാര്‍ പ്രളയകാലത്ത് വരച്ച ചിത്രങ്ങള്‍ പ്രളയത്തെപറ്റിയുള്ള ശരിയായ ധാരണകള്‍ വര്‍ഷങ്ങള്‍ക്കപ്പുറവും പകര്‍ന്നുനല്‍കാന്‍ കഴിവുള്ളവയാണ്.  ഒറ്റനോട്ടത്തില്‍ അത്ര പ്രകടമാകില്ലെങ്കിലും പ്രളയകാലത്തെ വെറും  ദുരിതകാഴ്ചക്കപ്പുറം മഴതുടങ്ങിക്കഴിഞ്ഞു മാറിമറിഞ്ഞുകൊണ്ടിരുന്ന വ്യക്തികളുടേയും സമൂഹത്തിന്റെയും മനസ്സിന്റെ നേര്‍കാഴ്ചകളായിരുന്നു അത്.

ഏതു ദിശയിലായിരുന്നു അന്നത്തെ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നതെന്നുകൂടി അതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.

എന്റെ സഹോദരനും സുഹൃത്തുമായ ‘അനി വരവിള’ ആ ദുരിതമഴക്കാലം കടന്നുപോയ വഴികള്‍ കൃത്യമായി തന്‍റെ വരകളിലൂടെ അടയാളപ്പെടുത്തിയിട്ടിരിക്കുന്നു.

ചിത്രം കാണുന്നവന് സ്വന്തം നിലയില്‍ ചിന്തകള്‍ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആ ചിത്രങ്ങള്‍ നല്‍കുന്നതുകൊണ്ടോ ഞാന്‍ അതിനെ നോക്കിക്കണ്ട രീതികൊണ്ടോ എന്റെ മനസ്സില്‍ അവ വിവിധ പ്രളയഘട്ടങ്ങളുടെ വരകളായി തോന്നി.

ജൂണിലെ മഴമനസ്സ്  

പുതുമഴത്തുള്ളികള്‍ പതിയെ പൂഴിമണ്ണിനെ നനച്ചുതുടങ്ങിയപ്പോള്‍ പലഭാവത്തില്‍ മഴ പലരുടേയും മനസ്സിലേക്ക് പെയ്തിറങ്ങിത്തുടങ്ങുകയായിരുന്നു.  പ്രണയമായി വിരഹമായി വിഷാദമായി ആനന്ദമായി ഉള്ളില്‍ പതിച്ച മഴത്തുള്ളികള്‍ക്ക് പോയവര്‍ഷത്തെ വര്‍ഷകാല അനുഭവങ്ങള്‍ക്കപ്പുറം ഒന്നും പുതുതായി പറയുവാനുണ്ടായിരുന്നില്ല. മഴയുടെ മാന്ത്രികവശ്യത വരയായി തെളിഞ്ഞപ്പോഴും അതിനപ്പുറമൊന്നുമുണ്ടായിരുന്നില്ല എടുത്തുകാട്ടാന്‍.

ജൂണിലെ വരകള്‍ക്കല്പം നനവുതോന്നിയാല്‍ അതിശയിക്കേണ്ടതില്ല. മനസ്സിലോ മാനത്തോ വന്നുനിറഞ്ഞ കാര്‍മേഘങ്ങളില്‍നിന്നും ഇറ്റുവീണ വെള്ളത്തുള്ളിയാകാം അത് നനയിച്ചത്.

“നിങ്ങള്‍ മഴയെ കേള്‍ക്കുംപോലെ എന്നെ കേട്ടാലും” എന്നുതുടങ്ങുന്ന മെക്സിക്കന്‍ കവിയായിരുന്ന ഒക്ടാവിയോപസ്സിന്‍റെ വരികളെ ആസ്പദമാക്കി മഴക്കാല വരകള്‍ക്ക് തുടക്കമിട്ടു. (ചിത്രം 1 കാണുക )

പേമാരിപ്പരിണാമം

തുള്ളിക്കൊരുകുടമായി പെയ്ത മഴകടുത്ത് അങ്ങിങ്ങത് ദുഃഖവെള്ളമായി മാറിത്തുടങ്ങിയ വാര്‍ത്തകള്‍ വന്നുതുടങ്ങി. വേഗത്തില്‍ കുട്ടനാടന്‍ കുടുംബങ്ങള്‍ക്ക് കണ്ണീര്‍മഴയായതുമാറി.  ഊര്‍ന്നുവീഴുന്ന വെള്ളത്തുള്ളികള്‍ക്ക്  പിന്നീടങ്ങോട്ട് നല്‍കാനുണ്ടായിരുന്നത് ദുഃഖമെന്ന ഒരേയൊരു ഭാവം മാത്രമായിരുന്നു.

“അല്ലേലും മഴ തുടങ്ങിയാല്‍ കുട്ടനാട്ടീന്ന് നിലവിളി കേട്ടു തുടങ്ങും”… “ഇത്തവണ അല്‍പംകൂടി വെള്ളംകേറുമാരിക്കും” എന്ന് നിസ്സരവല്‍ക്കരിച്ചവരും കുറവല്ലായിരുന്നു.

“മഴ ഇഷ്ടമാണ്… ചില കുടുംബങ്ങളെ പ്രളയിക്കാതിരുന്നാല്‍” എന്ന കുറിപ്പോടെ വരച്ച ചിത്രത്തില്‍ നിസ്സഹായതയും സങ്കടവും തളം കെട്ടിക്കിടക്കുന്നു. (ചിത്രം 2 കാണുക )

മഴയുടെ കാല്‍പനിക ഭാവം പതിയെ അവിടെ മുങ്ങിത്തുടങ്ങുകയായിരുന്നു.

പ്രളയാലാപനം

തുള്ളിക്കൊരുകുടമായി മഴ തുള്ളിക്കളിച്ചപ്പോള്‍ വിട്ടുകൊടുക്കാന്‍ മടിച്ച മലയും പുഴയും കായലും ഒത്തുപാടി നൃത്തംചവിട്ടി. നമുക്കാര്‍ക്കും അത്ര പരിചിതമല്ലാത്ത ദുരിതനാടകമായി പരിണമിക്കുകയായിരുന്നു പിന്നീടത്‌. കാല്പനികതയും ദുഖവും കടന്ന് ഭയാനകക്കൊടുമുടി കേറിയ നാളുകള്‍.

മദംപൊട്ടിയ പുഴകള്‍ (ഗതികെട്ട പുഴകള്‍ എന്നാകും ശരി ) മലമുക്കിയും മരം പിഴുതും മരണമണി മുഴക്കി കടന്നുവന്ന് കരുതിവെച്ചതും കയ്യേറിവെച്ചതും കവര്‍ന്നെടുത്തു.

നിലത്തുകിടന്നവര്‍ നടന്നു രക്ഷപെട്ടപ്പോള്‍ നിലകളുള്ളവര്‍ നരകയാതനയിലേക്ക് നടന്നുകയറി ചില പാഠമുള്‍ക്കൊണ്ടുകൊണ്ട് ഒടുവില്‍ വള്ളത്തിലും വിമാനത്തിലുമായി ജീവിതക്കരപറ്റി.

പ്രകൃതിയുടെ കലിതുള്ളല്‍ ഒരു ബാല്‍ക്കണി കാഴ്ച്ചപോലെ മച്ചിന്‍മുകളിലോ പുരപ്പുറത്തോ ഇരുന്നു കാണുമ്പോഴും ഇനിയും വിളിച്ചുവരുത്താനുള്ള ദുരന്തത്തിനായി മനസ്സില്‍ മണ്ണുമാന്തുന്നവരും വിരളമായിരിക്കില്ല എന്നസത്യവും ആക്ഷേപഹാസ്യമായി വരയില്‍ തെളിഞ്ഞു. എത്ര തിരിച്ചടി കിട്ടിയാലും പാഠംപഠിക്കാത്ത മനുഷ്യരുടെ ചിത്രമായിരുന്നു അത്. (ചിത്രം 3 കാണുക )

ചെയ്തുപോയ തെറ്റിനെ കുറ്റബോധത്തോടെ ഓര്‍ത്തെടുത്ത് വീണ്ടും ആ തെറ്റിലൂടെത്തന്നെ പകരംവീട്ടാന്‍ വെമ്പുന്ന ജനതയുടെ ചിത്രാവിഷ്കാരം. അതുമല്ലേല്‍ അന്നുണ്ടായിട്ടുള്ള പ്രകൃതി ചൂഷണ ചര്‍ച്ചകളെ ഓര്‍മ്മപ്പെടുത്തി ചിന്തിപ്പിച്ചു ചിരിപ്പിക്കുന്ന ഓര്‍മ്മപ്പടം.

ഒത്തുപിടിച്ചാല്‍ പ്രളയോം തോല്‍ക്കും

പ്രളയകാലത്ത് നിറഞ്ഞുകവിഞ്ഞൊഴുകിയത് വെറും ഡാമുകള്‍ മാത്രമായിരുന്നില്ല. മനസ്സുനിറഞ്ഞുതുളുമ്പി സ്നേഹവും കരുണയും പുറത്തേക്കൊഴുകിപ്പരക്കുന്നതും നമ്മള്‍ കണ്ടു.

കടലിന്‍റെ മക്കള്‍ തന്നെയാകും വരും കാലങ്ങളില്‍ പറയപ്പെടാന്‍പോകുന്ന പ്രളയ കഥയിലെ വീര രക്ഷകര്‍. സ്നേഹവല വീശിയവര്‍ ആയിരങ്ങളുടെ ജീവന്‍ കോരിയെടുത്തത് മനുഷ്യജീവനുകളായിമാത്രം നോക്കിക്കണ്ടുകൊണ്ടാണ്. വര്‍ണ്ണവും വര്‍ഗ്ഗവും സ്റ്റാറ്റസ്സുമെല്ലാം വെള്ളത്തിലൊലിച്ചുപോയതിനാല്‍ മനുഷ്യരായി മാത്രമാണവര്‍  കരകയറി.

സാമൂഹ്യ മാധ്യമത്തിലെ പടവെട്ട് നിര്‍ത്തിവെച്ച് പുതുതലമുറ വേണ്ടതൊക്കെയും ചെയ്തുകൊടുത്ത് ചീത്തപ്പേര് മാറ്റി.  ഒഴുകിപ്പോയ സ്വപ്നങ്ങളുടെ പേരിലാകരുത് ആ ദിനങ്ങള്‍ ഓര്‍ക്കപ്പെടേണ്ടത് മറിച്ച് ഒത്തൊരുമയുടെ വിജയമായിട്ടാവണമെന്ന് ഓര്‍മ്മിപ്പിക്കുന്ന വരകളും അന്ന് പിറന്നു. (ചിത്രം 4 കാണുക )

കൊലമാസ്സ് മാവേലി

പ്രളയമായാലും സുനാമി ആയാലും നമ്മളെ കാണാതിരിക്കാന്‍ മാവേലിക്കോ മാവേലിയെ കാണാതിരിക്കാന്‍ നമുക്കോ കഴിയില്ല. വരവേല്‍ക്കാന്‍ പൂവിളിയോ പൂക്കളങ്ങളോ ഇല്ലേലും, നാട് കാണാന്‍ നടവഴിയോ നടവരമ്പോ ഇല്ലേലും, ചിങ്ങപ്പുലരി കാര്‍മേഘങ്ങളാല്‍ മൂടിക്കിടന്നാലും മാവേലിമന്നന്‍ വന്നിരിക്കും.

മാവേലി നാടുവാണിടും കാലംപോലെ കുറച്ചുനാളുകള്‍ മാലോകരെല്ലാം ഒന്നുപോലെ ക്യാമ്പുകളില്‍ കഴിഞ്ഞ കാലമായിരുന്നു അത്. “ഉള്ളതുകൊണ്ട് ഓണം പോലെ” എന്നചൊല്ല് ശരിക്കും അന്വര്‍ത്ഥമായ നാളുകള്‍. നൊമ്പരങ്ങള്‍ക്കിടയിലും നേരിയ പുഞ്ചിരികള്‍ വിടര്‍ന്ന ഓണദിനങ്ങള്‍.

സന്തോഷമുള്ളപ്പോഴല്ലേ നര്‍മ്മത്തിന് പ്രസക്തിയുള്ളൂ. പ്രളയജലത്തിലൂടെ ഊളിയിട്ട് നാടുകാണാന്‍ വന്ന മാവേലിക്ക് സ്വയം പരിചയപ്പെടുത്തേണ്ടി വന്നതിലും പരിഭവമില്ല. ആ വേഷത്തില്‍ പെറ്റമകണ്ടാലും തിരിച്ചറിയില്ലയെന്ന് മാവേലിക്കും അറിയാം. (ചിത്രം 5 കാണുക )

രാഷ്ട്രീയ സാമുഹിക ചലച്ചിത്ര സന്നദ്ധ പ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്ന് ക്യാമ്പുകള്‍പരിപാലിക്കുന്നകാഴ്ചയും മാവേലിയെ സന്തുഷ്ടനാക്കാന്‍ പോന്നതായിരുന്നു. അതുകണ്ട് പ്രജകളെ സഹായിക്കാനിറങ്ങിയ മഹാബലിയെ ആരും കണ്ടില്ലാതാനും. “ഞാനേ കണ്ടുള്ളൂ…” എന്ന കുറിപ്പോടെ ചിത്രകാരന്‍ കണ്ട മാവേലി ഇതാ. (ചിത്രം 6 കാണുക )

കരകേറുന്ന കേരളം

കലിപൂണ്ട പുഴകളെ കടലും കായലും ഏറ്റുവാങ്ങി. കടപുഴകിയ ജീവിതങ്ങള്‍ ചെളിമാറ്റി നിവര്‍ത്തുന്ന കഴ്ച്ചയായിരുന്നു പിന്നീടുള്ളത്. പഴയ വീടും നാടും വീണ്ടെടുക്കാനുള്ള ശ്രമത്തിനായി എങ്ങുനിന്നും സഹായഹസ്തങ്ങള്‍ നീണ്ടുവന്നു.  തോറ്റുകൊടുക്കാന്‍ മടിയാണ് ഞങ്ങള്‍ക്ക് എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് തളരാതെ പതറാതെ കേരളം മുന്നോട്ടു തന്നെ.

NO COMMENTS

LEAVE A REPLY