Press "Enter" to skip to content

ഉന്മൂലനത്തിന്റെ പുതുവഴികൾ

ആദ്യം കുറച്ച് ശാസ്ത്ര ചിന്തയാവാം. മനുഷ്യനും മൃഗവും സസ്യവും എല്ലാം ജീവിവർഗത്തിൽ പെടുന്നു.  എന്നാൽ ജീവനുള്ളവ എന്നതിൽ കവിഞ്ഞ് രൂപത്തിലോ സ്വഭാവത്തിലോ യാതൊരു ബന്ധവുമില്ലാത്ത തരത്തിൽ ഓരോ ജീവിവർഗവും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നു. എന്താണ് അവയെ ഓരോന്നിനെയും തമ്മിൽ ഇത്രയും വ്യത്യസ്തമാക്കുന്നത്? സൂക്ഷ്മതലത്തിൽ നോക്കിയാൽ അവയിലെല്ലാം അടങ്ങിയിരിക്കുന്നത് വളഞ്ഞുപുളഞ്ഞ ഏണി പോലെ കാണുന്ന ഡിഎൻഎ തന്മാത്രകളാണ്. ആ ഡിഎൻഎ തന്മാത്രകൾ  നിർമ്മിക്കപ്പെട്ടിരിക്കുന്നതാവട്ടെ പരസ്പരബന്ധിതങ്ങളായ ന്യൂക്ലിയോടൈഡുകളാലും.

ഒരു ജീവി മനുഷ്യനാവണോ മൃഗമാവണോ ചെടിയാവണോ എന്ന് തീരുമാനിക്കുന്നത് അവയുടെ ഡിഎൻഎ കളിലെ ന്യൂക്ലിയോടൈഡുകളാണ്. അവയുടെ ഘടന അനുസരിച്ചാണ് ഒരു ജീവിക്ക് കാലുകളാണോ അതോ വേരുകളാണോ ഉണ്ടാവേണ്ടത് അല്ലെങ്കിൽ കൈകളാണോ ശാഖകളാണോ ഉണ്ടാവേണ്ടത് എന്നെല്ലാം തീരുമാനിക്കപ്പെടുന്നത്.

ഇനി നമുക്ക് ശാസ്ത്രത്തോടൊപ്പം കുറച്ച്  ഫിക്ഷനും കൂടി ചേർത്ത് ചിന്തിച്ച് നോക്കിയാലോ. ഒരു  ജീവിയുടെ കോശ തലത്തിൽ ന്യൂക്ലിയോടൈഡുകളിൽ വരെ മാറ്റം വരുത്താനും പല ജീവികളുടെ ന്യൂക്ലിയോടൈഡുകൾ പരസ്പരം കൂട്ടിക്കലർത്താനും കഴിവുള്ള ഒരു ഊർജസ്ത്രോതസ്സിനെ സങ്കല്പിക്കുക. അത്തരം ഒരു ഊർജസ്ത്രോതസ്സിന് മനുഷ്യനെ ശാഖകൾ പടർത്തിയ വൃക്ഷമാക്കി മാറ്റാൻ കഴിയില്ലേ?  ഭീകരരൂപമുള്ള ഒരു വന്യമൃഗത്തിന് മനുഷ്യ ശബ്ദം നല്കാൻ കഴിയില്ലേ? അവസാനമില്ലാത്ത ചോദ്യങ്ങളുടെയും സാധ്യതകളുടേയും തുടക്കം മാത്രമാണിത്.

ജെഫ് വാണ്ടർമിയർ എഴുതിയ അനിഹിലേഷൻ എന്ന നോവലും അതേ പേരിലുള്ള അലക്സ് ഗാർലൻഡ് സംവിധാനം ചെയ്ത സിനിമയും മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു സാധ്യതയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അവ്യക്തമായ കാരണങ്ങളാൽ മനുഷ്യനും മറ്റ് ജീവികൾക്കും മ്യൂട്ടേഷൻ സംഭവിക്കുന്ന ഷിമ്മർ എന്ന് വിളിക്കുന്ന പ്രദേശത്തേക്ക് അതിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ലെന എന്ന ബയോളജിസ്റ്റ് നിയോഗിക്കപ്പെടുന്നു. ഡോ.വെൻട്രസ്സ് നയിക്കുന്ന ആ സംഘത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മൂന്ന് സ്ത്രീകളും കൂടി ഉൾപ്പെട്ടിരുന്നു.

ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന പ്രത്യേകതരം പ്രകാശത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഷിമ്മറിൽ ഇതിന് മുമ്പ് പ്രവേശിച്ചവരിൽ ഒരാളൊഴികെ ആരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ആ ഒരാൾ ലെനയുടെ ഭർത്താവായ കെയിൻ ആയിരുന്നു എന്ന സത്യം സംഘത്തിലെ മറ്റുള്ളവർ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. മറ്റാരോടും പറയാനാവാത്ത അത്തരം നിരവധി രഹസ്യങ്ങൾ അവർ ഓരോരുത്തരുടേയും മനസ്സിന്റെ ആരും കാണാത്ത ഇടങ്ങളിൽ ഭദ്രമായിരുന്നു.

ഷിമ്മറിൽ പ്രവേശിച്ച് കഴിഞ്ഞ ലെനയും സംഘവും പിന്നീട് അനുഭവിക്കുന്നതെല്ലാം അവർ അന്ന് വരെ പഠിച്ചതിൽ നിന്നും അറിഞ്ഞതിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു. രക്തം മണത്തെത്തുന്ന കൊലയാളി സ്രാവിന്റെ ശക്തിയോടെ പാഞ്ഞെത്തിയ അസാധാരണ വലിപ്പമുള്ള മുതലയും കൊല്ലപ്പെട്ട സഹപ്രവർത്തകയുടെ ശബ്ദത്തിൽ നിലവിളിക്കുന്ന കരടിയുമെല്ലാം അവരുടെ ഉള്ളിൽ ഭയത്തിന്റെ അലയൊലികളുയർത്തി. എന്നാൽ അതെല്ലാം വെറും തുടക്കം മാത്രമായിരുന്നുവെന്നും തങ്ങൾക്ക് ഒരിക്കലും ഇനി പഴയ രൂപത്തിൽ തിരിച്ചെത്താനാവില്ലെന്നും അവർക്ക് സാവധാനം മനസ്സിലായിത്തുടങ്ങി.

ഒരു പ്രിസം അതിനുള്ളിൽ  പ്രവേശിക്കുന്ന പ്രകാശ തരംഗങ്ങളെ വക്രീകരിക്കുന്നത് പോലെ തന്റെയുള്ളിൽ പ്രവേശിക്കുന്ന ഓരോ ജീവാണുവിനെയും ഷിമ്മർ വക്രീകരിക്കുകയും പരസ്പരം കൂടിക്കലർത്തുകയും ചെയ്യുകയാണെന്നും തങ്ങളുടെ ശരീരത്തിലെ ഡിഎൻഎ തന്മാത്രകൾ മറ്റ് ജീവികളുടെയും സസ്യങ്ങളുടെയും ഡിഎൻഎ കളുമായി കൂടിക്കലർന്ന് തങ്ങൾ ഹൈബ്രിഡ് സ്പീഷീസുകളായി സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ മനസ്സിലാക്കുന്നു.

ജെഫ് വാണ്ടർമിയറിന്റെ സതേൺ റീച്ച് ട്രിലജി എന്ന നോവൽ ത്രയത്തിലെ ആദ്യ ഭാഗമാണ് അനിഹിലേഷൻ. അതോറിറ്റി, അക്സപ്റ്റൻസ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളും കൂടി ചേരുമ്പോഴാണ് കഥ പൂർണമാകുന്നത്. എന്നാൽ ആദ്യഭാഗം പുറത്തിറങ്ങിയ ഉടനെ അതിനെ മാത്രം ആധാരമാക്കിയാണ് അലക്സ് ഗാർലൻഡ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

നോവലിൽ നിന്ന് ത്രഡ് മാത്രം സ്വീകരിച്ച് സ്വന്തം ഭാവനയും കൂടി കൂട്ടിക്കലർത്തി സ്വന്തമായ ഒരു ഐഡൻറിറ്റി ചിത്രത്തിന് നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാഴ്ചയിൽ പൂർണമായും പിടിതരാത്ത ചിത്രത്തിന്റെ ക്ലൈമാക്സ് ഭാവനയുടെ നിരവധി വാതായനങ്ങൾ തുറന്നിടുന്നുണ്ട്. തന്റെ ആദ്യചിത്രമായ എക്സ് മെഷീനയിൽ മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ നേടിയ ഗാർലൻഡ് അനിഹിലേഷനിലും വിഷ്വൽ ഇഫക്സ് ഒട്ടും മോശമാക്കിയിട്ടില്ല.

നതാലി പോർട്ട്മാൻ എന്ന കഴിവുറ്റ അഭിനേത്രിയുടെ കഴിവുകൾ നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച് നിന്നു. നിർമ്മാതാക്കളുമായുള്ള ചില പ്രശ്നങ്ങളുടെ പേരിൽ ചിത്രം പ്രധാനമായും നെറ്റ് ഫ്ളിക്സ് വഴിയായിരുന്നു റിലീസ് ചെയ്തത്.

കണ്ട് കഴിഞ്ഞാൽ അതിനെക്കുറിച്ച് ചിന്തിക്കാനുള്ള വക തരുന്ന ചിത്രങ്ങളാണ് പ്രേക്ഷകൻ എന്ന നിലയ്ക്ക് ഞാൻ കാണാൻ ഇഷ്ടപ്പെടുന്നത്. കണ്ടിട്ട് നാളുകൾ ഒരു പാടായെങ്കിലും ഇന്നും മനസ്സിൽ നിന്ന് വിട്ട് പോകാത്ത ചിത്രങ്ങളിൽ ഒന്നാണ് അനിഹിലേഷൻ. ഒരു പാട് ചോദ്യങ്ങളും സംശയങ്ങളും ചിത്രം ഉയർത്തുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രം എന്നതിലുപരി മറ്റൊരു തലത്തിൽ കൂടി കാണേണ്ട ചിത്രമാണിത്.

ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയിൽ ആത്മനാശവും ( Self Destruction ) ആത്മഹത്യയും ( Suicide ) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം യഥാർത്ഥത്തിൽ ആത്മനാശത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് കാണാം. അവസാന സ്റ്റേജ് കാൻസർ രോഗിയായ ഡോ.വെൻട്രസ്സ് മറ്റൊന്നിനും വേണ്ടിയല്ല ഷിമ്മറിൽ പ്രവേശിക്കുന്നത്. പൂർണ മനസ്സോടെ തന്റെ ശരീരവും ആത്മാവും ഷിമ്മറിന് വിട്ടുകൊടുക്കുകയാണ് അവർ ചെയ്തത്.

മരണത്തിന് ശേഷം മനുഷ്യ ശരീരം പഞ്ചഭൂതങ്ങളിൽ ലയിച്ച് ചേരുമെന്നാണ് ഹിന്ദുമതഗ്രന്ഥങ്ങളിൽ പറയുന്നത്. ശരീരം എന്നതിൽ നിന്ന് വ്യതിചലിച്ച്  അവസാനം ഊർജ കണികകളായി മാറുന്ന ഡോ. വെൻട്രസ്സ് മുന്നോട്ട് വയ്ക്കുന്നത് അത്തരമൊരു ചിന്താസരണിയാവാം.

തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്റെ ശരീരത്തിൽ നിന്ന് വളർന്ന് വരുന്ന സസ്യ ശിഖരങ്ങളെ തട്ടി മാറ്റാതെ പൂർണ മനസ്സോടെ ചെടിയായി മാറാൻ തയ്യാറാവുന്ന ജോസിയും യഥാർത്ഥത്തിൽ ആത്മനാശത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. താൻ ആത്മാർത്ഥമായി സ്നേഹിച്ച ഭാര്യ മറ്റൊരാളുമായി ബന്ധം പുലർത്തുന്നത് മനസ്സിലാക്കിയ നിമിഷമാകാം ലെനയുടെ ഭർത്താവായ കെയിനിനെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയ്ക്ക് പൂർണ മനസ്സോടെ തയാറാവാൻ പ്രേരിപ്പിച്ചത്.

ഞാൻ, എന്റേത് എന്ന ആത്മാഭിമാനത്തിന്റെ ഉന്മൂലനം ( Annihilation ) ആണ് യഥാർത്ഥത്തിൽ ഓരോ കഥാപാത്രത്തിനും സംഭവിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ എത്രയൊക്കെ നശിപ്പിച്ചാലും നശിക്കാൻ കൂട്ടാക്കാതെ പെറ്റ് പെരുകാൻ അവസരം കാത്തിരിക്കുന്ന കാൻസർ കോശം പോലെ അത് മനുഷ്യനുള്ളിൽ എന്നും ഉണ്ടാകുമെന്ന യാഥാർത്ഥ്യവും ചിത്രം മറച്ച് പിടിക്കുന്നില്ല.

മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള മനുഷ്യരെക്കാളും വികാസം പ്രാപിച്ച ജീവിവർഗത്തിന്റെ ഭൂമിയിലേക്കുള്ള കടന്ന് കയറ്റവും സ്വയരക്ഷക്കായുള്ള മനുഷ്യരുടെ ഏറ്റുമുട്ടലുകളും ചിത്രീകരിച്ചിട്ടുള്ള അസംഖ്യം ഹോളിവുഡ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് അനിഹിലേഷൻ.

ഒരു മരത്തിൽ പടർന്ന് കയറുന്ന ഇത്തിൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്? താൻ പടർന്ന് കയറുന്ന വൃക്ഷത്തെ നശിപ്പിച്ചു കൊണ്ടാണെങ്കിലും സ്വയം വളരുകയാണ് അത് ചെയ്യുന്നത്. മരത്തെ നശിപ്പിക്കുക എന്നതല്ല സ്വയം വളരുക എന്നതാണ് ഇത്തിളിന്റെ ഉദ്ദേശ്യം. അതായത് ഇത്തിൾ താൻ വളരുന്ന മരത്തിന് ചെയ്യുന്ന നശീകരണം തികച്ചും പ്രകൃതിജന്യമായ പ്രവൃത്തി തന്നെയാണ്. ശരീരത്തിൽ വളരുന്ന കാൻസർ കോശങ്ങളുടെ കാര്യം തന്നെയെടുക്കാം.  ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിച്ചു കൊണ്ടാണെങ്കിലും യഥാർത്ഥത്തിൽ കാൻസറിന്റെ വളർച്ച പ്രകൃതിജന്യം തന്നെയല്ലേ.

ഇവിടെ ഷിമ്മർ ചെയ്യുന്നതും സമാനമായ പ്രവൃത്തിയാണ്. ഭൂമിയിലെ മറ്റ് ജീവി വർഗങ്ങളുടെ നാശത്തിലൂടെ സ്വയം വളരുകയാണ് ഷിമ്മർ ചെയ്യുന്നത്. ജോസിയും വെൻട്രസ്സും ലെനയും അത് അവസാനം വ്യക്തമായി മനസ്സിലാക്കുന്നുമുണ്ട്. അത് എങ്ങനെ മനസ്സിലാക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് സംവിധായൻ വിട്ട് തരുന്നു. അതാണ് ഈ ചിത്രത്തിലേക്ക് എന്നെ ഏറ്റവുമധികം ആകർഷിച്ച ഘടകവും.

പ്രദീപ്‌ വി കെ 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *