Press "Enter" to skip to content

പ്രീഫാബിലൂടെ നവകേരള നിര്‍മ്മാണം

പ്രളയം താണ്ഡവം നിര്‍ത്തി അരങ്ങ് ഒഴിഞ്ഞിരിക്കുന്നു, കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനവും ഏതാണ്ട് അവസാനിച്ചിരിക്കുന്നു. മടങ്ങിപ്പോക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു അതോടൊപ്പംതന്നെ അതേപ്പറ്റിയുള്ള ആകുലതകളും മുന്നറിയിപ്പുകളും എങ്ങും ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍ അവിടംകൊണ്ട് തീരുന്നില്ല കാര്യങ്ങള്‍ മറിച്ച് ഇനി വരാനിരിക്കുന്ന പുനരധിവാസമാണ് ഇതില്‍ ഏറ്റവും പ്രധാനം.

വെറും സമ്പത്ത് കൊണ്ട് മാത്രം നേടിയെടുക്കാനോ പൂര്‍ത്തീകരിക്കാനോ കഴിയുന്ന ഒന്നല്ല പുനരധിവാസം. നഷ്ടപ്പെട്ടവന്റെ മനസ്സിനെ പാകപ്പെടുത്തലില്‍ തുടങ്ങി വിഭവ സമാഹരണവും നടപ്പാക്കലും പൂര്‍ത്തീകരണവും വരെ നീണ്ടു കിടക്കുന്ന ബ്രഹത്തായ സമസ്യയാണ് അത്.

അതില്‍ തന്നെ തകര്‍ന്നടിഞ്ഞ ആയിരക്കണക്കിനു വീടുകള്‍ക്ക് പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി പുതിയവ നിര്‍മ്മിക്കുക എന്നതാണ് ഏറ്റവും ശ്രമകരമായതും സമയമെടുക്കുന്നതുമായ കാര്യം.

ചുടുകട്ട, വെട്ടുകല്ല്, കരിങ്കല്ല്, മണല്‍ തുടങ്ങിയവയാണ് വീട് നിര്‍മ്മാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒട്ടുമിക്ക മലയാളികള്‍ക്കും മനസ്സില്‍ ആദ്യം വരിക. മലയാളി ഏതു ടെക്നോളജിയുടെ ഉപയോഗത്തിന്റെ കാര്യത്തിലും മുന്നില്‍ത്തന്നെ ആണെങ്കിലും ചിലകാര്യത്തില്‍ വളരെ പഴയതില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായത്കൊണ്ടാണത്.

പരമ്പരാഗത രീതിയില്‍ ഇത്രയേറെ വീടുകള്‍ പണിയുമ്പോള്‍ എത്രമാത്രം വിഭവങ്ങള്‍ വേണ്ടിവരും എന്ന് ഒന്ന് ആലോചിച്ചു നോക്കൂ.

പരിസ്ഥിതിയെ വീണ്ടും ആഴത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടാകരുത് പുനര്‍നിര്‍മ്മാണങ്ങള്‍ ഒക്കെത്തന്നെയും എന്ന് നാം ദൃഢനിശ്ചയം ചെയ്യീയേണ്ടതായിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഇതുതന്നെയാണ്.

ലോകത്ത് പലയിടത്തും കല്ലും കട്ടയും വെച്ചുള്ള വീട് നിര്‍മ്മാണങ്ങള്‍ കുറയുന്നു. പകരം പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.  എന്തുകൊണ്ട് പുതിയ നിര്‍മ്മാണരീതികള്‍ നമുക്കും പരീക്ഷിച്ചുകൂടാ. ഇല്ലേല്‍ നമുക്കെങ്ങനെ പ്രകൃതിയെ നശിപ്പിക്കാതെ ഒരു നവകേരള നിര്‍മ്മാണം സാധ്യമാകും.

ശരിയാണ് മഞ്ഞിനേയും വെയിലിനേയും മാത്രം പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മറ്റു രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച നിര്‍മ്മാണ രീതികള്‍ നമുക്ക് ഇണങ്ങില്ല എന്നത്. മഴയെ അതിജീവിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.

ഇത്തരത്തിലുള്ള എന്‍റെ അന്വേഷണം ചെന്നുനിന്നത് മലേഷ്യയില്‍ വളരെ പ്രചാരത്തിലുള്ള ‘കോട്ടോ’ വീടുകള്‍  (Koto House) അതുപോലെതന്നെ ഇന്ത്യയില്‍ തന്നെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നാനോ വീടുകള്‍ (Nano Housing) എന്നിവയിലാണ്.

എന്താണ് പ്രീ ഫാബ്രികേറ്റഡ് നിര്‍മ്മിതികള്‍ അഥവാ കോട്ടോ (Koto House) അല്ലെങ്കില്‍ നാനോ (Nano Housing) വീടുകള്‍?

പിന്നീട്‌ കൂട്ടിച്ചേര്‍ക്കാനായി ക്രമീകരിക്കപ്പെട്ട ഘടഗങ്ങള്‍ മുന്‍കൂട്ടി നിര്‍മ്മിച്ച് വീടുപണിയേണ്ട സ്ഥലത്ത് എത്തിച്ച് വളരെ കുറച്ചുമാത്രം പ്രകൃതിവിഭവങ്ങളുടെയും സിമെന്റിന്‍റെയും സഹായത്തോടെ കൂട്ടിയോജിപ്പിച്ച്  കുറഞ്ഞ ചിലവില്‍ വളരെ വേഗം ഈടുറ്റ വീടുകള്‍ നിര്‍മ്മിക്കുന്ന രീതിയാണിത്. (Prefabricated Modular Building Systems.)

പ്രധാനമായും മൂന്നുരീതിയിലാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. ഭാരം കുറഞ്ഞ സ്റ്റീല്‍ ഉപയോഗിച്ചുള്ളതും UPVC യില്‍ അധിഷ്ഠിതമായ നിര്‍മ്മാണങ്ങളും അയറേറ്റഡ് സിമന്‍റ് പാനലുകള്‍ ഉപയോഗിച്ചുള്ളതുമാണവ.

മൂന്നുമുതല്‍ ഏഴു ദിവസം കൊണ്ട് ഒരുനിലവീടും ഒരുമാസമെടുക്കാതെ തന്നെ  ഉറപ്പുള്ള രണ്ടുനിലവീടും നിര്‍മ്മിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. ഈ വീടുകളൊക്കെതന്നെ ഭൂമികുലുക്കത്തെ വരെ ചെറുക്കാന്‍ കഴിവുള്ളവയാണ്‌ എന്നതും എടുത്തുപറയേണ്ടതാണ്.

പ്രത്യേകം പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ നൂതന യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഇത്തരം നിര്‍മ്മിതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം 30% വരെയും ജലത്തിന്റെ ഉപയോഗം 40% വരേയും ഊര്‍ജ്ജ ഉപയോഗം 45% വരെയും മാലിന്യങ്ങള്‍ 70% വരേയും കുറയ്ക്കാനും കഴിയും എന്നതാണ് മറ്റൊരു സവിശേഷത.

കൊട്ടോ വീടുകളെ  KOTO എന്നതിനൊപ്പം നമ്പര്‍ കൂടി ചേര്‍ത്താണ് വിളിക്കുന്നത്‌. 1974 ല്‍ തുടങ്ങിയ ഈ നിര്‍മ്മാണ രീതി ഒന്നില്‍ തുടങ്ങി എപ്പോള്‍ എട്ടില്‍ (Koto 8)   എത്തി നില്‍ക്കുന്നു. സോഫ്റ്റ്‌വെയറുകളുടെ വേര്‍ഷന്‍ പറയുന്നപോലെ പുതിയ പുതിയ മാറ്റങ്ങളാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നത്.

വീടുകള്‍ മാത്രമല്ല ഒരുപാട് നിലകള്‍ ഉള്ള വലിയ പാര്‍പ്പിട സമുച്ചയങ്ങള്‍ വരെ ഇത്തരത്തില്‍ ലോകമെമ്പാടും നിര്‍മ്മിക്കുന്നു എന്നതാണ് ഇതിന്‍റെ ഗുണനിലവാരത്തിനുള്ള സാക്ഷ്യപ്പെടുത്തലായി ചൂണ്ടിക്കാണിക്കുവാനുള്ളത് .

എന്താണ് ഇത്തരം നിര്‍മ്മിതിയുടെ ഗുണങ്ങള്‍?     

  • ചെലവ് കുറവാണ് വളരെ വേഗത്തില്‍ നിര്‍മ്മിക്കാനും കഴിയും.
  • ഈടുറ്റതും നീണ്ടകാലത്തേക്ക് നിലനില്‍ക്കത്തക്കതുമാണ്.
  • പരിമിതമായ ഊര്‍ജ്ജം ഉപയോഗിച്ചുള്ള പരിസ്ഥി സൗഹൃദ നിര്‍മ്മിതി.
  • പരമ്പരാഗത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗക്കുറവ്.
  • നിര്‍മ്മാണ സാമഗ്രികളുടെ പുനരുപയോഗം സാധ്യമാണ്.
  • മലയിടിക്കുകയോ മണ്ണുവാരുകയോ പാറ പോട്ടിക്കുകയോ വേണ്ട.
  • ഭൂമികുലുക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നു.
  • വളരെക്കുറഞ്ഞ തൊഴില്‍ശക്തി മാത്രം മതി.
  • ഒട്ടുമിക്ക പാരിസ്ഥിതിക പ്രതിഭാസങ്ങളേയും രാസ വസ്തുക്കളെയും പ്രതിരോധിക്കാനുള്ള കഴിവ് UPVC ക്ക് ഉണ്ട്.
  • പല രൂപത്തിലും വലുപ്പത്തിലും നിര്‍മ്മിക്കാം.

എന്തുകൊണ്ട് ഇപ്പോള്‍ ഇത് കേരളത്തിന്‌ അനുയോജ്യം?

ഇത്രനാള്‍ അധികം പരീക്ഷിക്കപ്പെടാത്ത ഇത്തരം നിര്‍മ്മാണ രീതികള്‍ ഇപ്പോള്‍ എന്തിനു പരീക്ഷിക്കണം എന്ന ചോദ്യം സ്വാഭാവികമാണ്.  അസാധാരണമായ സാഹചര്യത്തില്‍ അത്ര സാധാരണമല്ലാത്ത ചില പ്രവര്‍ത്തികളിലൂടെ മാത്രമേ ഒരുജനതയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയു.

നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരു ജനസമൂഹത്തിന്‍റെ സ്വസ്ഥ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ദിനങ്ങളാണെന്ന് ഓര്‍ക്കണം. നിര്‍മ്മാണത്തിന്റെ വേഗത അതുകൊണ്ട് തന്നെ പ്രധാനമാണ്. ഒരാഴ്ചകൊണ്ട് ഒരുവീട് നിര്‍മ്മിക്കാന്‍ പറ്റിയാല്‍ അതൊരു ചെരിയകാര്യമാണോ.

ഭാരതത്തിലെ മറ്റു ഏതൊരു പ്രദേശത്തെ അപേക്ഷിച്ചും വീടുകളുടെ ഭംഗിയിലും സൗകര്യത്തിനും അത്യാവശ്യം ആഡംബരത്തിനും പ്രാമുഖ്യം കൊടുക്കുന്നവരാണ്‌ നമ്മള്‍ മലയാളികള്‍.  സാധാരണ പുനരധിവാസത്തിന് നിര്‍മ്മിച്ചുനല്കുന്ന ഒരു മുറി രണ്ട് മുറി വീടുകള്‍ അത്യാവശ്യം നല്ല ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന ഇടത്തട്ടുകാരെ  സംബധിച്ചിടത്തോളം ബുദ്ധിമുട്ടാണ് താനും. അത്തരക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ മുകളില്‍ പറഞ്ഞരീതിയില്‍ അതിമനോഹരമായ മനസ്സിനിണങ്ങിയ വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.

ഇനിയെങ്കിലും അനുഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടില്ലേല്‍ ഇനിവരുന്നതിനെ തടയാന്‍ നമുക്കായെന്നുവരില്ല.  നമുക്ക് വെറും വീടുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ പോരയെന്നോര്‍ക്കണം മറിച്ച് ആയിരക്കണക്കിന് മറ്റു നിര്‍മ്മിതികളും ആവശ്യമായിട്ടുണ്ട്.

അതുകൊണ്ട് തന്നെ പ്രകൃതിയെ പരമാവധി ചൂഷണംചെയ്യാതെ വീടുകളെങ്കിലും നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയകാര്യമാകും. പുത്തന്‍ സങ്കേതങ്ങള്‍ അതിനു സഹായകരമാകുമെങ്കില്‍ അത് പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്.  ഇതുമാത്രമാണ് ഒരു പരിഹാരം എന്ന് വിചാരിക്കേണ്ടതില്ല. പല ആശയങ്ങള്‍ പരിശോധിച്ച് അതാതുമേഘലയിലെ വിദഗ്ദ്ധന്‍മാര്‍ തീരുമാനിക്കട്ടെ ഏതാണുചിതമെന്ന്.

ഇതെപ്പറ്റി കൂടുതല്‍ ചിന്തിപ്പിക്കാനും ചര്‍ച്ച ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ നമ്മെ സഹായിക്കും.

https://youtu.be/SArWgyYmyXY

NB: ഞാന്‍ ഒരു നിര്‍മ്മാണ വിദഗ്ദ്നല്ലേലും ഒരു ചിന്തക്ക് വിത്തുപാകുന്നതില്‍ തെറ്റില്ല എന്നുള്ളതുകൊണ്ട് എഴുതിയതാണ്.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *