Press "Enter" to skip to content

കറുപ്പില്‍ മഞ്ഞ ചാലിച്ച ചാനല്‍ വിപ്ലവം

Photo: Manu Murali

സാധാരണയായി പത്രമാധ്യമങ്ങളുടെ പേരിനോട് ‘മഞ്ഞ’ ചേര്‍ത്ത് പറയുന്നത് അതിനെ മോശമാക്കി അവതരിപ്പിക്കാനാണ്.  ഇവിടുത്തെ മഞ്ഞയ്ക്ക് “ആ” മഞ്ഞയുമായി പുലബന്ധം പോലുമില്ലെന്ന് ആദ്യംതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ.

കഴിഞ്ഞ കുറേക്കാലമായി മലയാളത്തില്‍ പുതിയ പുതിയ ടിവി ചാനലുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. പുതുതായി പിറന്നുവീഴുന്ന ഓരോന്നും മുന്പുണ്ടായിരുന്നതിന്റെ ആവര്‍ത്തനമോ പരിഷ്കരിച്ച രൂപമോ മാത്രമായിരുന്നു. രാഷ്ട്രീയാടിസ്ഥാനത്തിലുണ്ടായിട്ടുള്ള വാര്‍ത്താ ചാനലുകള്‍ മുതല്‍ മതാടിസ്ഥാനത്തിലുള്ള പ്രഭാഷണ ചാനലുകള്‍ വരെ ഈ പാത പിന്തുടര്‍ന്നുപോന്നിരുന്നു.

വിനോദ മേഖലയില്‍ ഏഷ്യാനെറ്റ് കയ്യടക്കിവെച്ചിരുന്ന കുത്തക പലരായിട്ട് വീതംവെച്ചെടുത്തപ്പോഴും ആത്യന്തികമായി പ്രേക്ഷകന് എന്താണ് പുതുതായി ലഭിച്ചത് എന്നുള്ള ചോദ്യം ബാക്കിയായിരുന്നു.  എന്നാല്‍ പുതുതായി വന്ന ചാനലുകള്‍ ഓരോന്നും സാങ്കേതിക തികവിന്റെ കാര്യത്തില്‍ മത്സരിച്ചുകൊണ്ടേ ഇരുന്നു.

2011 ല്‍ മഴവില്‍ മനോരമ കൂടി രംഗപ്രവേശം ചെയ്തതോടെ മലയാള ചാനല്‍ രംഗത്ത് മത്സരത്തിന്റെ ഒരു പുത്തന്‍ അധ്യായംകൂടി തുടങ്ങുകയാണ് ഉണ്ടായത്. പേരിലേയും പ്രമേയത്തിലേയും വ്യത്യസ്തത കൊണ്ടും അവതരണത്തിലേയും ഗ്രാഫിക്സിലേയും മികവുകൊണ്ടും വേറിട്ടുനിന്നിരുന്ന അമൃത ടിവി യെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു പലവര്‍ണ്ണങ്ങളാല്‍ കണ്ണിനുമുന്നില്‍ മനോരമ മഴവില്ല് തീര്‍ത്തത്.

പഴയപരിപാടികള്‍ തന്നെ പണക്കൊഴുപ്പില്‍ മുക്കിയെടുത്ത് പൊലിപ്പിച്ച് പുതിയരൂപംനല്കി മനോഹരമായ ഗ്രാഫിക്സിന്റെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാരുടെയും പരസ്യക്കാരുടെയും ഇഷ്ടവിഭവമായി മാറി മഴവില്‍ മനോരമ .

മലയാളത്തില്‍ ഇനിയെന്ത് ചാനല്‍വിപ്ലവം എന്ന് മനസ്സിനോട് പലവട്ടം ചോദിച്ച് ഉത്തരം തേടുന്ന വേളയിലാണ് ഒരു പത്മരാജന്‍ ചിത്രംപോലെ സഫാരി ടിവി കണ്ണിലും മനസ്സിലും ഉടക്കുന്നത്.  2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2014 ല്‍ ആണ് ആദ്യമായി സഫാരി ചാനല്‍ ശ്രദ്ധയില്‍പ്പെടുന്നത്. സഫാരി എന്ന പേരും ചൂണ്ടുപലകയില്‍ പതിപ്പിച്ച എഴുത്തും കണ്ടപ്പോള്‍തന്നെ മനസ്സില്‍ ചില ധാരണകളൊക്കെയുണ്ടായി. ഇടവിട്ടുവന്ന സഞ്ചാരം പരിപാടി എന്‍റെ ചിന്താഗതിക്ക് ആക്കം കൂട്ടി .

എന്നാല്‍ പതിയെപ്പതിയെ എന്‍റെ ധാരണകള്‍ ആകെത്തന്നെ തെറ്റിച്ചുകൊണ്ട്  മറ്റൊരുവഴിയിലൂടെ സഞ്ചാരം ചെയ്യുന്ന സഫാരി ചാനലിനെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.  വെറും യാത്രകള്‍ക്കുപരിയായി വിവിധ കാലഘട്ടങ്ങളിലൂടെ വിവിധ സംഭവകഥകളിലൂടെ പല ജീവിതകഥകളിലൂടെ, കലകളിലൂടെ മലയാളപ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന ഒരു പുത്തന്‍ ചാനല്‍ ഉദയം ചെയ്യുന്നതാണ് പിന്നെ കണ്ടത്.

അവതരണ ഗാനം മുതല്‍ അവതാരകര്‍ വരെ

പി ഭാസ്കരന്‍ എഴുതി എ.ആര്‍. റഹ്മാന്‍ ഈണംപകര്‍ന്ന “ശ്യാമസുന്ദര കേതകേതാരഭൂമി” എന്ന് തുടങ്ങുന്ന ഏഷ്യാനെറ്റിന്റെ അവതരണഗാനം കേരളത്തനിമയുടെ മനോഹരമായ ആവിഷ്കാരമായിരുന്നെങ്കില്‍ അത്രയേറെ പെരുമ അവകാശപ്പെടാനില്ലെങ്കിലും പി.കെ.ഗോപി എഴുതി നന്ദു കര്‍ത്ത തന്നെ ഈണം നല്കി പാടിയ “നീലാകാശപ്പൂക്കള്‍ നുള്ളാന്‍ നീയുംപോരുന്നോ… കാടും മേടും പൂക്കും കാലം കാണാന്‍ പോരുന്നോ…” എന്ന അവതരണഗാനം അതിമാനോഹരവും കാലദേശങ്ങള്‍ക്ക് അതീതവുമാണ്.

സഫാരി ടി.വി. ക്ക് ഈ പാട്ട്  കൊണ്ടുവന്നുകൊടുത്ത പെരുമ ഒട്ടുംതന്നെ ചെറുതല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.  എക്കാലവും ഇറങ്ങിയിട്ടുള്ള അവതരണഗാനങ്ങളില്‍ വെച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നുതന്നെയാണ് ഈ ഗാനം എന്നതില്‍ തര്‍ക്കമില്ല.

അവതരണത്തിന്റെ പലരുചികള്‍ രുചിച്ച് മടുത്ത മലയാളിക്കായി സഫാരി ഒരുക്കിയത് തനിമലയാളത്തില്‍ പാകംചെയ്തെടുത്ത ഒരുകൂട്ടം വിഭവങ്ങളായിരുന്നു.  തിരഞ്ഞെടുപ്പിലെ സുക്ഷ്മതകൊണ്ടുമാത്രം അവതാരകര്‍ ആയ ഇക്കൂട്ടര്‍  അവതരണത്തിലെ പക്വതയും മികവും കൊണ്ട് ആ തിരഞ്ഞെടുപ്പ് ഉദാത്തമാക്കി.

മുഖസൗന്ദര്യവും ശരീരവടിവും മാനദണ്ഡമാക്കിയാല്‍ കടന്നുവരാന്‍ ഒരിക്കലും സാധ്യത ഇല്ലാത്ത പലരേയും അവതാരകര്‍ ആയിക്കാണാന്‍ ഭാഗ്യം ലഭിച്ചതും അതുകൊണ്ടുമാത്രമാണ്. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌, ജോണ്‍ പോള്‍, മധുപാല്‍ എന്നിവര്‍ ഈക്കുട്ടത്തില്‍ പെടുന്നു.

ജോണ്‍പോളിന്റെ ഇടതടവില്ലാത്ത ഓര്‍മ്മയുടെ കുത്തൊഴുക്കും ആര്‍ദ്രവും ചിലപ്പോള്‍ അതി കഠിനവുമായ സംഭാഷണ ശകലങ്ങളും പലരേയും ഒന്നിലേറെപ്പരിപാടികളുടെ ആരാധകരാക്കി.

പരസ്യമില്ലാപ്പുതുമ

പരിപാടികള്‍ക്കിടയില്‍ പരസ്യം എന്നതില്‍ തുടങ്ങി പരസ്യങ്ങള്‍ക്കിടയില്‍ പരിപാടി എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ ഒരു പരിധിവരെ അവന്‍റെ സ്വാതന്ത്ര്യം റിമോട്ട് കണ്ട്രോളിലൂടെ നിലനിര്‍ത്തുന്നു. എന്നിരുന്നാലും ആസ്വാദന തലത്തില്‍ പരസ്യങ്ങള്‍ ഉണ്ടാക്കുന്ന അലോസരം ചെറുതല്ല എന്നത് ഏതൊരു പ്രേക്ഷകനും സമ്മതിക്കുന്ന ഒന്നാണ്.

പരസ്യം ഇല്ലാത്ത ഒരു ചാനല്‍ എന്നെങ്കിലും ഉണ്ടാകുമോ എന്നത് പരസ്യത്തിന്‍റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം മനസ്സിലാക്കി പരസ്യം ഒരു ചാനലിനെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആവശ്യമാണെന്ന് പറയുന്നവര്‍ക്കും ഒരുവിധത്തിലും പരസ്യത്തെ അനുകൂലിക്കാത്തവര്‍ക്കും ഉള്ള ഒരു സംശയമാണ്. പരസ്യങ്ങളില്ലാതെ ഒരു ചാനല്‍ അന്വര്‍ത്ഥമാക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസം നിലനില്‍ക്കെത്തന്നെ ശ്രി. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര സഫാരി ചാനല്‍ നിര്‍മ്മിച്ച് സംശയനിവാരണം പ്രവൃത്തിയിലൂടെ വരുത്തിയത്.

സ്വന്തം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും  പരസ്യങ്ങള്‍ കൂടാതെയുള്ള ചെറു പരസ്യങ്ങള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടെങ്കിലും അധികനാള്‍ നീണ്ടുനിന്നില്ല എന്നതും അതിനിടയില്‍ ഓര്‍മ്മിപ്പിക്കേണ്ട ഒന്നാണ്.

പേരിലെപ്പെരുമയും പരിപാടിയും 

പേരിലെ വ്യത്യസ്തത കൊണ്ടുമാത്രമാകില്ല സഫാരി ചാനലിലെ ഒട്ടുമിക്ക പരിപാടിയിലേക്കും കണ്ണും മനസ്സും ഒരുപോലെ ഉടക്കാന്‍ കാരണം.  ഉള്ളടക്കത്തിന്റെ സവിശേഷത കൊണ്ടും അവതരണ ശൈലിയിലെ മനോഹാരിതകൊണ്ടും ഏതൊരു മലയാളം ടെലിവിഷന്‍ പരിപാടികളേയും പിന്നിലാക്കാന്‍ കെല്‍പ്പുള്ളതാണ്‌ ഓരോപരിപാടിയും.

മുസിരിസ്സ് ടു മാച്ചുപ്പിച്ചു, ഇരുപതാം നൂറ്റാണ്ട്, ആ യാത്രയില്‍, സഞ്ചാരം, ചരിത്രം എന്നിലൂടെ, Weekend Destination, എന്‍റെ ഇന്ത്യ, മധുപാലിന്‍റെ യാത്രകള്‍, Opera House , Movies on the Road, സ്മൃതി, Location Hunt, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍, ചരിത്രം ചലച്ചിത്രം, HisStory, World War II, Animal Kingdom, Around the world in 30 minutes എന്നിങ്ങനെയുള്ള ഓരോ പേരുകളും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ പരിപാടികള്‍ മനസ്സില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം ചെുറുതാകില്ലെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

മുകളില്‍ പറഞ്ഞ ഓരോ പരിപാടിയും DVD കള്‍ ആക്കി വില്‍ക്കാന്‍ കഴിയുമെന്ന് തുടക്കകാലംമുതല്‍ സഫാരി ചാനലിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി ക്കൊടുക്കുമ്പോളെല്ലാം പറയാറുണ്ടായിരുന്നു.  “ഇരുപതാം നൂറ്റാണ്ട് “ മാത്രമാണ് ഇപ്പോള്‍ DVD രൂപത്തില്‍ പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും വരും കാലങ്ങളില്‍ ബാക്കിയുള്ളവയും പ്രതീക്ഷിക്കാം. കൂടാതെ പുനസംപ്രേഷണത്തിന്റെ അനന്ത സാദ്ധ്യതകള്‍ക്കൂടി ഇവിടെ തുറക്കുന്നു എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

മനോഹരം മഞ്ഞചാലിച്ചൊരീക്കറുപ്പ്

പരിപാടികളുടെ നിലവാരം കൊണ്ടുമാത്രം ഇക്കാലത്ത് പിടിച്ച്നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അണിയറപ്രവര്‍ത്തകര്‍ അതിനനുസരിച്ചുള്ള വിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരുക്കിയിരുന്നു. അതിമനോഹരവും പുതുമയുള്ളതുമായ കളര്‍തീമും ഗ്രാഫിക്സും live streaming apps ഉം ഇതില്‍ പ്രധാനമാണ്.

എന്നെ ഏറെ ആകര്‍ഷിച്ചത് ഈ മഞ്ഞയുടെയും കറുപ്പിന്റെയും കൂടിച്ചേരല്‍ ഉണ്ടാക്കിയിട്ടുള്ള മനോഹരമായ ദൃശ്യാനുഭവമാണ്.  ചാനലുകളില്‍ അധികമാരും പരീക്ഷിച്ച് നോക്കിയിട്ടില്ലാത്ത കറുപ്പിന്റെയും മഞ്ഞയുടെയും ഈ സമ്മേളനം തിരഞ്ഞെടുക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ചതെന്താണെന്ന റിയില്ലെങ്കില്‍ക്കൂടി അതുകാണുമ്പോള്‍ ചിലതൊക്കെ പ്രേക്ഷകമനസ്സില്‍ വന്നുതെളിയാറുണ്ട്.

അനുപാതം അല്പം തെറ്റിയാല്‍ത്തന്നെ അഭംഗിയായേക്കാവുന്ന രണ്ടുനിറങ്ങളെ അതിസമര്‍ത്ഥമായി സംയോജിപ്പിച്ച് സ്വീകരണമുറിയില്‍ എത്തിക്കാനുള്ള തീര്‍ത്തും വെല്ലുവിളിനിറഞ്ഞ ഈ ദൗത്യം ഏറ്റെടുത്തത് പ്രശംസനീയം തന്നെയാണ്.

പ്രത്യേകിച്ച്‌ ഒരു രാഷ്ട്രീയചായ്‌വും കാട്ടാതെ ചരിത്രത്തിനു മുന്‍‌തൂക്കം നല്കി മുന്നോട്ട് കുതിക്കുന്ന ഈ ചാനലിന് ഏതുനിറമാണ് കൊടുക്കേണ്ടിയിരുന്നത് എന്നുചോദിച്ചാല്‍  മറ്റൊരുത്തരം പറയാന്‍ എനിക്കിപ്പോള്‍ കഴിയുന്നില്ല.

കളറില്‍ തുടങ്ങിയ “ഇരുപതാം നൂറ്റാണ്ട് “ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ലേക്ക് മാറിയപ്പോള്‍ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും കാലത്തിന്റെ തീവ്രത അനുവാചകന് കൂടുതല്‍ അനുഭവവേദ്യമാക്കാന്‍ അതിനുകഴിയും എന്ന് പിന്നീട് മനസ്സിലായി.

ഇത്തരത്തില്‍ പുതിയകാലത്ത് Black and White ന്റെ സാദ്ധ്യതകള്‍ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്റൊരു ചാനല്‍ ഉണ്ടാവില്ലെന്നതുറപ്പാണ്.

ചരിത്രാന്വേഷികള്‍ക്കും സഞ്ചാരപ്രിയര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ചാനല്‍ നിലനിന്നുപോകേണ്ടത് ശ്രീ. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ മാത്രം ആവിശ്യമല്ല ഇന്ന്.  മറിച്ച് ഓരോമലയാളിയ്ക്കും അഭിമാനത്തോടെ ആര്‍ക്കുമുന്നിലും വെക്കാവുന്ന ഈ ചാനല്‍ മലയാളത്തിലല്ലായിരുന്നു നിര്‍മ്മിക്കേണ്ടത് എന്ന് തോന്നാത്തരീതിയില്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്‌.

പലനാട്ടിലെ കൃഷിയും കൃഷിയിടങ്ങളും അനുബന്ധ ജീവിതവും ഉള്‍പ്പെടുത്തി ഒരു പരിപാടികൂടി  സഫാരിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുകൊണ്ടും  ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റിതര ഭാഷയിലേക്കുള്ള സഫാരിയുടെ വളര്‍ച്ച ആഗ്രഹിച്ചുകൊണ്ടും പുത്തന്‍ കഴ്ചാനുഭവങ്ങള്‍ക്കായ് സഫാരി കണ്ടുകൊണ്ടേയിരിക്കുന്നു.

ശിവകുമാര്‍ എന്‍ ആചാരി

2 Comments

  1. Venu varyath Venu varyath April 20, 2017

    Better. Views vision. Simple. Language.

  2. വേണു വാര്യത്ത് വേണു വാര്യത്ത് July 15, 2017

    ഇത്രയും സീരിയസായി മാന്ത്രികപ്പട്ടി
    കാണുന്ന വരുണ്ടോ?
    കുത്തകപ്പരസ്യങ്ങളും കച്ചവട താല്പര്യങ്ങളുടെ
    യും മാസ്മര വലയത്തിൽപ്പെട്ട പാവം
    സാധാരണക്കാർ അവർക്ക്
    ഇതൊന്നു o വിഷയമേയാവില്ല?
    വേറിട്ട കാഴ്ചകളിലേക്ക്‌ ശ്രദ്ധ തിരിക്കുവാൻ
    ഈ ലേഖനം ഉപകരിക്കും!!!

Leave a Reply

Your email address will not be published. Required fields are marked *