Press "Enter" to skip to content

അരാഷ്ട്രീയ വല്‍ക്കരണത്തിന്‍റെ സിനിമാക്കാലം

“ആകയാല്‍ കലകളില്‍ ഏറ്റവും ഉദാത്തമായത് സിനിമയാണ്” എന്ന് പറഞ്ഞത് ലെനിനാണ്. അദ്ദേഹം പറയുക മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടുകള്‍ അത്ഭുതത്തോടെ വീക്ഷിച്ച സിനിമയെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിനും അതിനെ ഉപയോഗപ്പെടുത്തി ഭരണകൂടത്തിന്‍റെ രാഷ്ട്രീയ നിലപാടുകളെ ജനമധ്യത്തിലെത്തിക്കുന്നതിനും മാതൃകാപരമായ നേതൃത്വം നല്‍കുകയും ചെയ്ത ഭരണാധികാരി കൂടിയാണ്.

പാടത്തും പണിശാലകളിലും വിയര്‍പ്പു ചീന്തി മനുഷ്യലോകത്തിന് പുരോഗതിയുടെ പാതയൊരുക്കിക്കൊടുത്ത തൊഴിലാളിവര്‍ഗം അവരുടെ സായാഹ്നങ്ങളെ പരുവപ്പെടുത്തിയത് സിനിമാശാലകളിലായിരുന്നു. പിറ്റേ പ്രഭാതത്തിന്‍റെ ഉന്മേഷകരമായ ഉണര്‍വ്വുകളിലേക്ക് അവരെ നയിക്കാന്‍  പ്രാപ്തമായിരുന്നു സിനിമ എന്ന കലാരൂപം. സാങ്കേതികവിദ്യ വേണ്ടത്ര വളരാത്ത ആ കാലത്ത് പകല്‍ അധ്വാനങ്ങളുടെ വേദനകളില്‍ നിന്നും അവര്‍ക്കുള്ള മോചനം പ്രധാനമായും സിനിമയിലൂടെയായിരുന്നു. ടെലിവിഷനോ സാമൂഹ്യമാധ്യമങ്ങളോ ജനിച്ചിട്ടില്ലാത്ത കാലം എന്ന സവിശേഷത അന്നുണ്ടായിരുന്നു. വളരെ പെട്ടെന്നുതന്നെ ലോകമാകമാനം സിനിമയ്ക്ക് വല്ലാത്ത പ്രചാരവും സ്വാധീനവും ഉണ്ടായി. അതാത് പ്രദേശങ്ങളിലെ ജനതയുടെ സാംസ്ക്കാരിക സ്വത്വങ്ങളും ഈ കലാരൂപത്തെ സ്വാധീനീച്ചു. പതുക്കെ അവ സിനിമയുമായി ഇഴുകിചേര്‍ന്ന് വര്‍ത്തിക്കാനും വല്ലാത്ത ജനകീയതയിലേക്ക് പരന്നൊഴുകുവാനും തുടങ്ങി. ഭരണാധികാരികള്‍ ഈ കലാരൂപത്തെ തങ്ങളുടെ ആശയസംഹിതകള്‍ പ്രചരിപ്പിക്കുവാനുള്ള ഉപാധിയാക്കി മാറ്റി. രാഷ്ട്രീയമായ അധിനിവേശങ്ങള്‍ക്ക് വിത്തുവിതയ്ക്കാന്‍ മാത്രമല്ല കൊയ്തെടുക്കാനും ചലച്ചിത്ര കല സമൃദ്ധമായി ഉപയോഗിക്കപ്പെട്ടു. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഇക്കാര്യത്തിലും പതിവുപോലെ തങ്ങളുടെ സാധ്യതകള്‍ കണ്ടെത്തി വിജയിക്കുകയുണ്ടായി.

പിന്നീട് 2-ാം ലോക മഹായുദ്ധാനന്തരം ഇറ്റാലിയന്‍ സിനിമ നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ പുതിയ സിനിമാഖ്യാനശൈലി രൂപപ്പെടുത്തി തുടര്‍ന്ന് ഫ്രഞ്ച് നവതരംഗത്തിന്‍റെ വരവായിരുന്നു. 1960 കളോടെ ലാറ്റിനമേരിക്കയില്‍ രൂപം കൊണ്ട മൂന്നാം ലോകസിനിമ ജനകീയസിനിമയെ വിപ്ലവാത്മക പശ്ചാത്തലത്തിലേക്ക് പറിച്ചുനടുകയായിരുന്നു. അവ സൃഷ്ടിച്ച നവചിന്തകളുടെ തരംഗങ്ങള്‍ മനുഷ്യമനസ്സുകളില്‍ സര്‍ഗപരതക്ക് ഇടം നല്‍കുകയും അതുവഴി പതിറ്റാണ്ടുകള്‍ നീണ്ട സാംസ്ക്കാരിക രൂപപ്പെടുത്തലുകള്‍ ആരംഭിക്കുന്നതിനും വഴി തെളിച്ചിട്ടുണ്ട്. ജനകീയസിനിമ എന്ന പരീക്ഷണത്തിന് തുടക്കം കുറിച്ചത് സോവിയറ്റ് യൂണിയനിലായിരുന്നു എന്നതാണ് ഇതിവിടെ പരാമര്‍ശിക്കുവാന്‍ കാരണം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫിയിലും ചിത്രകലയിലും മറ്റ് സര്‍ഗാത്മക മേഖലകളിലും വിരാജിച്ചിരുന്ന മികച്ച കലാകാരന്‍മാര്‍ സിനിമയിലേക്ക് വരുകയും സിനിമ പുതിയ ഭാവുകത്വങ്ങളുടെ ചിറകുകള്‍ വിരിച്ച് പറന്നുയരുകയും ചെയ്തു. അവരൊക്കെകൂടി വിരിയിച്ചെടുത്ത സിനിമയുടെ വ്യാകരണം ലോകമാകമാനം പുത്തന്‍ സിനിമാതരംഗത്തിന് കാരണമാകുകയും ചെയ്തു. പുത്തന്‍ വ്യാകരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട കലാരൂപം വളര്‍ന്നു പന്തലിച്ച് പകരം വെക്കാനില്ലാത്ത ജനപിന്തുണയില്‍, സാങ്കേതികവിദ്യയുടെ അകമ്പടികള്‍ക്കൊപ്പം സിനിമാസ്ക്കോപ്പിലും 3ഡിയിലും ഡി.റ്റി.എസ് ശബ്ദമികവിലും ഡിജിറ്റല്‍ ചിറകുകള്‍വെച്ചും പറന്നുയര്‍ന്നിരിക്കുന്നു.

സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത് സിനിമയുടെ ജനപ്രിയമാര്‍ന്ന അവതരണത്തോടെയാണ്. അധ്വാനത്തിന്‍റെ, വേദനകളുടെ, ജീവിതത്തെ തുന്നിച്ചേര്‍ക്കാനുള്ള വ്യഗ്രതകളില്‍ ഒക്കെ വിങ്ങിനിന്ന സാധാരണ ജനസമൂഹത്തിന് ചില്ലറക്കാശുകള്‍കൊണ്ട് വെള്ളിത്തിരയില്‍ തങ്ങളുടെ നഷ്ടസ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്ന സര്‍ഗാത്മക പരിസരങ്ങളില്‍ തങ്ങളുടെ വേദന പരിഹരിക്കാനുള്ള ഔഷധം സിനിമ ലഭ്യമാക്കി. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും പ്രദര്‍ശനശാലകള്‍ സ്ഥാപിക്കപ്പെട്ടുതുടങ്ങി. അവിടെ നടന്ന ദൈനംദിന പ്രദര്‍ശനങ്ങളില്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ ഒത്തുകൂടി. ഒരു പക്ഷേ ജാതി-വര്‍ഗ വ്യവസ്ഥകള്‍ സജീവമായിരുന്ന സ്ഥലങ്ങളില്‍ പോലും പ്രദര്‍ശനങ്ങള്‍ മതനിരപേക്ഷതയുടെ പ്രതിരൂപങ്ങളായി. അതായത് നാമിന്ന് വിവക്ഷിക്കുന്ന പൊതുഇടങ്ങള്‍ രൂപപ്പെട്ടു. ഇന്ത്യന്‍ സിനിമയില്‍ പുറത്തിറങ്ങിയ സകല പുരാണ കഥാചിത്രങ്ങളും വര്‍ഗ-വര്‍ണ്ണ വ്യതിയാനങ്ങള്‍ പരിഗണിക്കാതെ ഏവരും വീക്ഷിച്ചിരുന്നു. അത്തരം ചിത്രങ്ങള്‍ ഇന്നാണ് പുറത്തിറങ്ങിയിരുന്ന തെങ്കിലോ? ആ ചോദ്യം തല്ക്കാലം നമുക്ക് ചോദിക്കാതിരിക്കാം. നമ്മുടെ സിനിമാശാലകള്‍ക്ക് ഒരു പക്ഷേ വിദ്യാലയങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സാംസ്ക്കാരിക സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകും. സാംസ്ക്കാരികമായ ഉയിര്‍പ്പുകള്‍ക്ക് അടിത്തറ പാകാനും നവചിന്തകളുടെ മുകുളങ്ങള്‍ക്ക് രൂപം നല്‍കാനും ഈ നീക്കങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

വിനോദത്തിന്‍റെ പേരില്‍ വളരെ ജീര്‍ണ്ണമായ പിന്തിരിപ്പന്‍ ആശയങ്ങളുടെ പ്രചരണവേദിയായി സിനിമ മാറിത്തുടങ്ങി. പണം മാത്രം ലക്ഷ്യം വെച്ച് സിനിമയെടുക്കുന്നവര്‍ തങ്ങളുടെ പ്രേക്ഷകരെ മായിക ലഹരിയില്‍ തളച്ചിട്ട് പണം തട്ടുകയാണ് ചെയ്തത്. മറിച്ച്  അവരുടെ നിത്യജീവിത പ്രശ്നങ്ങളേയോ സാമൂഹിക വിഷയങ്ങളേയോ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. സൗന്ദര്യത്മകതയ്ക്കോ കലാപരതക്കോ അവിടെ സ്ഥാനമില്ല. ഹോളിവുഡും ബോളിവുഡും കടന്നുവന്ന ഈ നിഷ്ക്രിയത മലയാള സിനിമയേയും ബാധിച്ചിട്ടുണ്ട്.

ഇന്ന് സിനിമ പലപ്പോഴും ധാരാളിത്തത്തിന്‍റെ ശരീരഭാഷ പ്രദര്‍ശിപ്പിക്കുന്നു. രാഷ്ട്രീയത്തിന്‍റെ ഭാഷ സംസാരിക്കുവാന്‍ അവ വിമുഖത കാണിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ സായാന്തന വിനോദോപാധി എന്ന നിലയില്‍ നിന്നും നഗരങ്ങളിലെ മള്‍ട്ടിപ്പെക്സുകളിലെ പണക്കൊഴുപ്പിന്‍റെ വ്യവഹാര രൂപമായി സിനിമ മാറിയിരിക്കുന്നു. വികസനവും പരിസ്ഥിതിയും നമ്മുടെ സിനിമകളില്‍  ചര്‍ച്ച് ചെയ്യപ്പെടാതെ പോകുന്നു. സിനിമകളില്‍ ശക്തരായ സ്ത്രീപുരുഷ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. മള്‍ട്ടിപ്ലെക്സിന്‍റെ സ്വകാര്യതയില്‍ അന്യോന്യം ഇടപെടാതെ ഒരു സ്വയംതീര്‍ത്ത വേലികള്‍ക്കുള്ളിലിരുന്ന് കോഫിയും ഐസ്ക്രീമും നുണഞ്ഞ് നാം ഇപ്പോള്‍ സിനിമ കാണുന്നു. ആസ്വദിക്കുന്നുണ്ടോ എന്നറിയില്ല. ഇന്ത്യയെപ്പോലെ ജനാധിപത്യമൂല്യങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ പൗരന്‍മാര്‍ തങ്ങളുടെ നാടിന്‍റെ വികസന സ്വപ്നങ്ങളോ പാരിസ്ഥിതിക പ്രശ്നങ്ങളോ സ്ത്രീപുരുഷ സമത്വമോ ചര്‍ച്ച ചെയ്യപ്പെടാതെ കേവലം കോമഡികൂട്ടങ്ങളായി സമകാലിക സിനിമയുടെ കാഴ്ചക്കാരാകുന്നു.

പണിയെടുക്കുന്നവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് അവിടെ പ്രശ്നങ്ങളില്ലാഞ്ഞിട്ടാണോ? ജനതയുടെ ചിന്താശക്തികള്‍ക്കും അപ്പുറത്തെങ്ങോ നില്‍ക്കുന്ന ഇരുളടഞ്ഞ രാഷ്ട്രീയ ഇടനാഴികള്‍ പ്രേക്ഷകന്‍റെ ചിന്തകള്‍ക്ക് വിലങ്ങുതടിയാകുന്നുവോ. രാഷ്ട്രീയ വഴികള്‍ ഇന്ന്  അരാഷ്ട്രീയത്തിന്‍റെയും യുക്തിഭംഗങ്ങളുടെയും പുതിയ വഴികള്‍ തേടുകയാണ്. അതോ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട എന്ന് ഇന്നിന്‍റെ ഭരണവ്യവസ്ഥ നമ്മുടെ കലാകാരന്‍മാരോട് പറയുന്നുണ്ടോ?

രാഷ്ട്രീയവും സിനിമയും തമ്മിലുണ്ടായിരുന്ന അന്യോന്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിലാണ് സാംസ്ക്കാരിക ച്യുതികള്‍ സംഭവിക്കുന്നതും പൊതുഇടങ്ങള്‍ സ്വകാര്യ ഇടങ്ങളായി ചുരുങ്ങുന്നതും. ഉപഭോക്തൃ സംസ്ക്കാരത്തിന്‍റെ ചതിക്കുഴികളില്‍ വീണുപോയ പ്രേക്ഷകര്‍ പുരാണത്തെയും കെട്ടുകഥകളേയും ചരിത്രത്തെയും തിരിച്ചറിയാന്‍ കഴിയാത്ത ജഡമാകുന്നതും അപ്പോഴാണ്.

12 Comments

  1. Rajeev KN Rajeev KN March 31, 2019

    കൊള്ളാം നല്ല ലേഖനം

  2. Anonymous Anonymous March 31, 2019

    ഞങ്ങടെ സുനിൽ സർ…..

  3. Anonymous Anonymous March 31, 2019

    Very nice

  4. Remesh kumar chennai Remesh kumar chennai March 31, 2019

    വളരെ നല്ല ഒരു ലേഖനം അഭിനന്ദനങ്ങൾ

  5. പ്രവീൺ മനയ്ക്കൽ പ്രവീൺ മനയ്ക്കൽ April 1, 2019

    അരാഷ്ട്രീയവൽക്കരണം സാമ്രാജ്യത്വ ഉല്പന്നമാണ്. മനുഷ്യനെ ഏറ്റവും സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയിൽ സിനിമയെ അവർ ഉപയോഗപ്പെടുത്തുന്നു. നമ്മുടെ സാമൂഹ്യ പരിസരത്തെ സാമ്രാജ്യത്വ വിളനിലങ്ങളാക്കി മാറ്റുന്നതിനുള്ള കൃത്രിമ വിത്തുകൾ അവർ വിതയ്ക്കുന്നു. സാമ്രാജ്യത്വ ഉല്പന്നങ്ങളുടെ രുചി വൈവിധ്യങ്ങളിൽ (നാം ദർശിക്കുന്നതും അനുഭവിക്കുന്നതുമായതെല്ലാം ) ഉന്മത്തരായി ആസന്നമായ നാശത്തിലേക്ക് സഞ്ചരിക്കുന്നു. സുനിൽ സാർ വ്യാപരിപ്പിക്കാൻ ശ്രമിക്കുന്ന ചിന്ത പുതിയ ഉണർവിലേക്ക് നയിക്കുന്നതാകട്ടെ.

  6. Rahmath.M.Kabeer Rahmath.M.Kabeer April 1, 2019

    സിനിമ എന്ന മഹത്തായ കലയ്ക് നഷ്ടപ്പെട്ടു പോകുന്ന അതിൻറെ നൻമകളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന അർത്ഥവത്തായ ലേഖനം.
    സുനിൽ സാറിന് അഭിനന്ദനങ്ങൾ .

  7. P.Gopinathakurup. P.Gopinathakurup. April 3, 2019

    Very nice and thinkable. I reveals the rough characters of present life. Write more.

  8. വിജയകുമാർ, സെക്രട്ടറി വിജയകുമാർ, സെക്രട്ടറി April 3, 2019

    സിനിമ അതുൽപാദിപ്പിക്കുന്ന ആസ്വാദ്യതക്കപ്പുറം അത് നേടിയെടുക്കുന്ന നാണയത്തുട്ടുകയുടെ കിലുക്കത്താൽ വിലയിരുത്തപ്പെടുന്ന കാലമാണിന്ന് . പൊതുവേ പൊതു ഇടങ്ങൾ ഇടതുപക്ഷമാണന്ന് നാം അഭിമാനിക്കുമ്പോൾ വല്ലാതെ വലതുപക്ഷവൽക്കരിക്കപ്പെടുന്ന വീട്ടകങ്ങൾ നമ്മുടെ പൊതുബോധത്തിന് വെല്ലുവിളിയാകുന്നുണ്ട്. അത്തരം വലതുപക്ഷവൽക്കരണത്തിന് നല്ല പിന്തുണയാണ് ഇന്നത്തെ മുഖ്യധാരാ സിനിമകൾ നൽകുന്നത് എന്ന് പറയാതെ വയ്യ. ആണധികാരത്തിന്റയും ഫ്യൂഡെൽ പുളിച്ചു തികട്ടലുകളുടെയും, അരാജകാവസ്ഥകളുടേയും വിളനിലങ്ങളാണ് ഇന്നിന്റെ സിനിമാകൊട്ടകകൾ
    അപാരമായ ഏകാന്തത ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇന്നിന്റെ ലക്ഷണമൊത്ത പൊതു ഇടങ്ങൾ.
    ഈ അവസ്ഥയിൽ ഇതൊരു നല്ല ലേഖനം തന്നെ

  9. ജെ പി ജയലാൽ ജെ പി ജയലാൽ April 3, 2019

    സ്വപ്നങ്ങൾ വിൽക്കുന്നിടമായി സിനിമകൾ മാറിയിരിക്കുന്നു.
    ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ ഇനിയും സിനിമകൾക്ക് കഴിയേണ്ടിയിരിക്കുന്നു.

    അരാഷ്ട്രീയത ഏറെ അർത്ഥ തലമുള്ള ഒരു പദമാണ്.
    ഒരു സമൂഹത്തെയാകെ നിശ്ശബ്ദമാക്കാനും, തെറ്റായ ദിശയിലേക്ക് നയിക്കാനും അരാഷ്ട്രീയത കാരണമാകും.

    അരാഷ്ട്രീയതയുടെ രാഷ്ട്രീയം വലതുപക്ഷ രാഷ്ട്രീയമാണ്. നമ്മുടെ സിനിമകൾ ഏറിയവയും ആ വഴിക്കാണ് പോകുന്നത്.
    സിനിമാകാഴ്ചയുടെ അരാഷ്ട്രീയതലങ്ങളിലേക്ക് വായനക്കാരെ നയിക്കാൻ പ്രിയ സുനിലിന്റെ ലേഖനം പ്രചോദനമാകും.

  10. സാബു സാബു April 4, 2019

    ആസ്വാദ്യകരമായ വിമർശനം. ലേഖകൻ ചൂണ്ടിക്കാട്ടിയ പോലെ സിനിമ കലാസൃഷ്ടി എന്നതിനപ്പുറം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാകണം. ഇനിയും ഇത്തരം നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

  11. Anonymous Anonymous April 8, 2019

    ആഹാ,, കലയുടെ കാലം കമ്പോളത്തിന്റെ കാലമായി രൂപാന്തരപ്പെട്ട ഇടങ്ങളിലിരുന്ന് സിനിമാ എന്ന പ്രബുദ്ധസംസ്കാരത്തെപ്പറ്റി പറയുകയെന്നതാണിപ്പോൾ നേരിടുന്ന വെല്ലുവിളി.ആ വെല്ലുവിളി നേരിടാനാകുന്ന ഒരു തലമുറ കൂടി തയ്യാറാകേണ്ടതുണ്ട്,,
    നല്ല നിരീക്ഷണം;ആശംസകൾ,,,,

Leave a Reply

Your email address will not be published. Required fields are marked *