Press "Enter" to skip to content

പൂമുഖത്തെ “തെറി” വരവേല്‍പ്പ്

പരസ്പരം ശത്രുതയിലുള്ള അയലത്തുകാരെ പലയിടത്തും നമ്മള്‍ കാണാറുണ്ട് പക്ഷെ പരസ്പരം കാണാന്‍ ചീത്തയോ തെറിയോ എഴുതിവെച്ച ബോര്‍ഡുകള്‍ അവര്‍ വീട്ടിനുമുന്നിലോ വശങ്ങളിലോ സ്ഥാപിക്കാറില്ല.

വീടിനു മുന്നില്‍ക്കൂടി നമുക്കിഷ്ടമില്ലാത്തവര്‍ പലരും കടന്നുപോകാറുണ്ട് എന്നുകരുതി അവരെ ചീത്ത വിളിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഗേറ്റില്‍ തൂക്കാറുമില്ല.

ഭിക്ഷക്കാരുടെ രൂപത്തില്‍ പിരിവുകാരുടെ രൂപത്തില്‍ കച്ചവടക്കാരുടെ രൂപത്തില്‍ നമുക്കിഷ്ടമില്ലാത്തവര്‍ വീട്ടിലേക്ക് കയറി വരാറുണ്ട്. എന്നുകരുതി ആരും പൂമുഖത്ത് തെറി എഴുതി വെക്കാറില്ല.

അസൂയയും കുശുമ്പും ഉള്ളബന്ധുമിത്രാദികള്‍ സ്വീകരണ മുറിയില്‍ കയറാറുണ്ട് എന്നുകരുതി ആരും ചുവരില്‍ തെറി എഴുതി ഫ്രെയിം ചെയ്തു തൂക്കാറുമില്ല.

വീട്ടിലുള്ളവര്‍ തമ്മില്‍ പിണങ്ങാറുണ്ട് വഴക്കിടാറുണ്ട് ചിലപ്പോള്‍ ചീത്തയും വിളിച്ചേക്കാം എന്നുകരുതി കിടപ്പുമുറിയില്‍ തെറി എഴുതിവെക്കാറില്ല.

പകരം ചെയ്യുന്നതോ, ഗേറ്റും മതിലും കഴിയുന്നത്ര മോടിപിടിപ്പിക്കുന്നു മുറ്റങ്ങള്‍ പൂന്തോട്ടമാക്കുന്നു പൂമുഖം ആഢ്യത്തമുള്ളതാക്കുന്നു സ്വീകരണമുറി അലങ്കരിക്കുന്നു.

എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്?

നമുക്ക് അല്ലേല്‍ നമ്മളെ ഇഷ്ടമില്ലാത്തവരേക്കാള്‍ ഇഷ്ടമുള്ളവരോ അല്ലാത്തവരോ ആണ് നമുക്കുചുറ്റും കൂടുതല്‍. അവരുടെ ഇഷ്ടമാണ് പ്രധാനം; അവരെയാണ് നമ്മള്‍ സന്തോഷിപ്പിക്കേണ്ടത്. അവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ ആഗ്രഹം തോന്നണം.

എത്ര വിലപിടിപ്പുള്ളവീടാണേലും മുന്നേ സൂചിപ്പിച്ചമാതിരി പൂമുഖത്ത് തെറി എഴുതിവെച്ചാല്‍ വന്നുകേറുന്നവനുണ്ടാകുന്ന അലോസരം ഒന്ന് ചിന്തിച്ചുനോക്കിയേ. ശത്രുക്കള്‍ വീട്ടിലേക്ക് നോക്കാറുമില്ല അതുകാരണം അവനതും കാണാറുമില്ല. എന്നാല്‍ പാവം മിത്രം…. അവനും ആ വീട്ടിലേക്ക് കേറാതെയാകും.

സ്റ്റാറ്റസ് അനുസരിച്ച് കുടിക്കാനും കൂത്താടാനും കള്ളുഷാപ്പുകള്‍, ബാറുകള്‍ പിന്നെ ചുവന്ന തെരുവുകളുമുണ്ടാകാം നാട്ടില്‍. അവിടെയൊന്നും മുകളില്‍ പറഞ്ഞ മര്യാദ വേണമെന്ന് ആരും ശഠിക്കാറുമില്ല. ആനന്ദത്തിന് ഇതൊന്നുമല്ലാത്ത നല്ലിടങ്ങളുമുണ്ട് നാട്ടില്‍.

ചെറുകുടുംബങ്ങളും ജീവിതനെട്ടോട്ടവും ഇന്നു വീടുകളുടെ പൂമുഖങ്ങളെ ആളില്ലാക്കളങ്ങള്‍ ആക്കിയിരിക്കുന്നു. പകരം സാമുഹ്യ മാധ്യമങ്ങളില്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം പൂമുഖങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഏവര്‍ക്കും എത്ര തിരക്കാണേലും ആ പൂമുഖം സജീവമാണ്. അവിടെയൊന്ന് കേറിയിറങ്ങിയാല്‍മതി ആളെപ്പറ്റിയുള്ള ഏകദേശധാരണ കിട്ടുകയും ചെയ്യും.

അവിടെയാണ് മുകളില്‍ വിവരിച്ചകാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കപ്പെടേണ്ടത്. അവിടെ ചെയ്യാത്ത പലതും ഇവിടെ മടികൂടാതെ ചെയുന്നു. അറിയാതെ ചെന്നുകേറിയിട്ട് അയ്യേ ആപൂമുഖത്ത് കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും ചിലത്. ഒന്ന് മാറിനിന്നുചിന്തിച്ചു നോക്കിയാല്‍ മനസ്സിലാവും നമ്മുടെ മുഖപുസ്തകത്തിലേക്ക് കടന്നുവരുന്നൊരാളെ നമ്മള്‍ എന്ത് കാട്ടിയാണ് വരവേല്‍ക്കുന്നതെന്ന്. ഒന്നവഗണിച്ച് മുന്നോട്ടുപോയാലും കാണുന്നതെല്ലാം പുലഭ്യങ്ങളോ കുത്തുവാക്കുകളോ കുറ്റപ്പെടുത്തലുകളോ മാത്രമാണേല്‍ വന്നു കയറുന്നവന്റെ മനസ്സില്‍ എന്തുതോന്നും.

മുകളില്‍ പറഞ്ഞതുപോലെ ഒരുവന്‍ വീടിന്‍റെ പൂമുഖത്ത് തെറി എഴുതിവെച്ചാല്‍ കയറിച്ചെല്ലുന്ന നമുക്ക് എന്ത് തോന്നും എന്ന് മാത്രം വിചാരിച്ചാല്‍ മതി. അഭിപ്രായം പറയാതിരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് “കരി കലക്കിയ കുളം” … ആക്കുന്നത് എന്തിന്? പകരം “കളഭം കലക്കിയ കുളം” ആകാന്‍ ശ്രമിച്ചൂടെ.

ഇനി പുലഭ്യം പറയണമെന്നുല്ള്ളവര്‍ക്കും അല്ലേല്‍ വിഷം ചീറ്റണം എന്നുല്ലവര്‍ക്കും അവരുടെ വിഭവങ്ങള്‍ വിളമ്പാന്‍ പലതരം ഗ്രൂപ്പുകള്‍ സജീവമാണല്ലോ. മുകളില്‍ പ്രതിപാദിച്ചപോലെ കൂത്താട്ടം അവിടെ നടത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പുമില്ലതാനും. പൊതു ശൌചാലയങ്ങളുടെ ഭിത്തിയില്‍ കവിത മാത്രം രചിക്കണം എന്ന് പറഞ്ഞിട്ടെന്തുകാര്യം.

പല സുഹൃത്തുക്കളും പലരുടേയും നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതാണ് ഇതൊക്കെയും. നമ്മുടെ ആശയങ്ങളെ ഇഷ്ടപ്പെടാത്തവരെ ഉന്നം വെക്കുന്നു; നമ്മെ ഇഷ്ടമുള്ളവരെ നാം മറക്കുന്നു അതാണ്‌ ഇതിനുകാരണം. ഒന്ന് തിരിച്ചുചിന്തിക്കാന്‍ തയ്യാറായാല്‍ വെറുപ്പുവിട്ട് സര്‍ഗ്ഗാത്മകതയുടെ ഒരു കൊത്തോഴുക്ക് തന്നെ ഉണ്ടായേക്കാം

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *