“മൂഢന്മാരും വര്‍ഗീയഭ്രാന്തന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ വിവേകികളായവര്‍ ആകെ സംശയത്തിലുമാണ്. ഇതാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളുടെയും ആകെത്തുക.”
-ബര്‍ട്രാണ്ട് റസ്സല്‍*
സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ഭാഗധേയം നിശ്ചയിക്കുന്ന അദൃശ്യ ശക്തിയാണ് ദൈവം എന്നാണു ജാതി മത ഭേദമെന്യേ ദൈവത്തെക്കുറിച്ചുള്ള പൊതു വീക്ഷണം. ആ ദൈവത്തെ പലരും പല രൂപത്തില്‍ സങ്കല്‍പ്പിക്കുന്നു, പല പേരില്‍ സംബോധന ചെയ്യുന്നു, പല മാര്‍ഗങ്ങളിലൂടെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിക്കുകയും, അവയെയെല്ലാം ആരാധിക്കുകയും ചെയ്യുന്നു. മറ്റു ചിലര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു, വേറെ ചിലര്‍ ഏകദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു ദൈവത്തിന്‍റെ ഒന്നിലധികം ഭാവങ്ങളില്‍ ആശ്രയിക്കുന്നു. ചിലര്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ പൂജിക്കുന്നു, മറ്റു ചിലര്‍ വിഗ്രഹങ്ങള്‍ നിഷിദ്ധമാണെന്നു വിശ്വസിക്കുന്നു, വേറെ ചിലര്‍ വിഗ്രഹങ്ങള്‍ നിഷിദ്ധമെന്നു വിശ്വസിക്കുമ്പോഴും പ്രവാചകന്മാരുടെയും, പുണ്യാളന്മാരുടെയും വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയുടെ മുന്‍പില്‍ പ്രാര്‍ത്ഥനകളും, നേര്‍ച്ചകളും അര്‍പ്പിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഈശ്വരന്‍റെ സ്വഭാവ വിശേഷങ്ങളെ സംബന്ധിച്ച ചില പൊതു ധാരണകള്‍ ഈശ്വരവിശ്വാസികളെല്ലാം വെച്ചു പുലര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന് ദൈവം സര്‍വ ശക്തനാണ്; ദൈവത്തിനു ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. ദൈവം സര്‍വജ്ഞാനിയാണ്; ദൈവം അറിയാത്തതായി പ്രപഞ്ചത്തില്‍ ഒന്നുമില്ല. ദൈവം സര്‍വ വ്യാപിയാണ്; ദൈവസാന്നിദ്ധ്യം ഇല്ലത്തതായ ഒരു ഇടവും ഇല്ല. ദൈവമാണ് പ്രപഞ്ചത്തേയും അതിനുള്ളിലെ സകലത്തെയും സൃഷ്ടിച്ചത്. തന്‍റെ സൃഷ്ടിപ്പുകളെയെല്ലാം ദൈവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദൈവത്തിനു മുന്നില്‍ മനുഷ്യന്‍ വെറും നിസ്സാരനാണ്. ഇത്തരം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ ഈശ്വര വിശ്വാസികളും അവരുടെ രക്ഷയ്ക്കും, അനുഗ്രഹത്തിനുമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത്; ഈശ്വര ദര്‍ശനത്തിനായി വരിനില്‍ക്കുന്നത്, ഈശ്വരനു മുന്നില്‍ നേര്‍ച്ച ഇടുന്നത്; ഈശ്വര സന്നിധിയിലേക്ക് കാഴ്ചകളുമായി എത്തുന്നത്…
ചുരുക്കത്തില്‍, ഈശ്വരന്‍റെ ശ്രദ്ധയും, സംരക്ഷണവും മനുഷ്യനാണ് ആവശ്യം. അതല്ലാതെ ഈശ്വരന് മനുഷ്യന്‍റെ സംരക്ഷണം ആവശ്യമില്ല. സര്‍വശക്തനും, സര്‍വജ്ഞാനിയും, സര്‍വ വ്യാപിയുമായ ഈശ്വരനെ മനുഷ്യന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് ഭോഷത്വം ആണെന്നു സാമാന്യ ബുദ്ധിയുള്ള ഇതൊരു വിശ്വാസിക്കും മനസിലാകുന്ന പരമാര്‍ത്ഥമാണ്. എന്നാല്‍ ആ ഭോഷത്വത്തിന്‍റെ ആഘോഷമാണ് നമുക്കു ചുറ്റും നാം ഇന്നു കാണുന്നത്. നാമോരോരുത്തരും നമ്മുടെ ദൈവത്തിന്‍റെ സുരക്ഷയെ ഓര്‍ത്ത് ആശങ്കപ്പെടുന്നു, പ്രകോപിതരാവുന്നു, അക്രമാസക്തരാവുന്നു. അപകടത്തിലായ തങ്ങളുടെ ദൈവങ്ങളെ സംരക്ഷിക്കാന്‍ മത നേതാക്കള്‍ സായുധ പോരാട്ടങ്ങള്‍ക്കായി വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ദൈവത്തെ മനുഷ്യരില്‍ നിന്നും രക്ഷിക്കാനിറങ്ങിയ മതവിശ്വാസികള്‍, മറ്റുള്ളവര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു. അങ്ങനെ ഇസ്ലാം മത വിശ്വാസികള്‍ ക്രിസ്ത്യാനികളെയും, യഹൂദന്മാരെയും കൊല്ലുന്നു; ക്രിസ്ത്യാനികള്‍ ഇസ്ലാം മതക്കാരെയും, യഹൂദന്മാരെയും കൊല്ലുന്നു; യഹൂദന്മാര്‍ ക്രിസ്ത്യാനിയേയും, മുസല്‍മാനെയും കൊല്ലുന്നു; ഹിന്ദുവും, മുസല്‍മാനും പരസ്പരം കൊല്ലുന്നു. ദൈവങ്ങളുടെ പേരില്‍ ചരിത്രാതീത കാലം മുതല്‍ ആരംഭിച്ച ഈ വര്‍ഗീയ ഭ്രാന്ത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിബാധം തുടരുന്നു.
തനിക്കു സുരക്ഷ ഉറപ്പു വരുത്താനായി ആരെയെങ്കിലും ആക്രമിക്കാനോ, കൊലപ്പെടുത്താനോ ഏതെങ്കിലും ദൈവം ആവശ്യപ്പെടുന്നു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. മനുഷ്യന്‍റെ സംരക്ഷണയില്‍ കഴിഞ്ഞു കൂടേണ്ടി വരുന്ന ദൈവം, വെറും വ്യാജന്‍ ആയിരിക്കാനേ വഴിയുള്ളൂ. ഈ സാഹചര്യത്തില്‍, ദൈവം സൃഷ്ടിച്ചു ഭൂമിയില്‍ ആക്കിയ നിസ്സാരനായ മനുഷ്യന്‍ അവന്‍റെ ദൈവത്തിന്‍റെ വികാരം വൃണപ്പെടുന്നതിന്റെ പേരില്‍, അവന്‍റെ ദൈവത്തിന്‍റെ നിലനില്‍പ്പ് അപകടത്തില്‍ ആവുന്നതിന്റെ പേരിലും മറ്റും മറ്റുള്ളവരെ ആക്രമിക്കുകയും, ഒറ്റയായും, പറ്റമായും കൊന്നു തള്ളുകയും ചെയ്യുന്ന മനുഷ്യന്‍റെ വിഡ്ഢിത്തം കാണുന്ന ദൈവം, അങ്ങു സ്വര്‍ഗ്ഗത്തിലിരുന്നു ഊറി ഊറി ചിരിക്കുന്നുണ്ടാവാം…
——————–
*“The whole problem with the world is that fools and fanatics are always so certain of themselves, and wiser people so full of doubts.”
— Bertrand Russell, quoted in the book A Word a Day
Be First to Comment