Press "Enter" to skip to content

കൂവാന്‍ മറന്നു .. ട്രോളാന്‍ പഠിച്ചു !!

ഈ തലക്കെട്ടില്‍ രണ്ട് പ്രവര്‍ത്തികളെ പറ്റി പറയുന്നുണ്ട് എന്നാല്‍ അതില്‍ ഏതാണ്  ഇപ്പോള്‍ വളരെവേഗം നിങ്ങളുടെമനസ്സിലുടക്കിയത്. മിക്കവരുടെയും മനസ്സില്‍ വന്നവാക്ക് ഒരുപക്ഷെ ഒന്നുതന്നെയാകാം. അതുതന്നെയാണ് ഇത്തരത്തിലൊരു കുറുപ്പിന് കാരണം.

സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ നമുക്കിടയില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പലതിനുമൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒരു പഴയകാല ആയുധമാണ് “കൂവല്‍” അഥവാ “കൂക്കിവിളി”. പ്രതിഷേധത്തിനും കളിയാക്കലിനും ലോകമെമ്പാടും തന്നെ ഉപയോഗിക്കുന്ന അപകടരഹിതവും എന്നാല്‍ ഫലപ്രദമായ ആയുധമാണ് ഇതെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല. ചിലപ്പോള്‍ അമിതാഹ്ലാദം പ്രകടിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

ഇനി ചുറ്റുവട്ടത്തേക്ക് ഒന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മനസ്സിലാവും നമ്മുടെ സമൂഹത്തില്‍ കൂവല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉച്ചത്തില്‍ കൂവാന്‍ പലര്‍ക്കും ഇന്ന് അറിയില്ല എന്നത് മറ്റൊരു സത്യം. കലാലയങ്ങളിലും ഉത്സവപ്പറമ്പിലെ സ്റ്റേജിനു മുന്നിലും സിനിമ കൊട്ടകകളിലും എല്ലാം നാം കേട്ടുമറന്ന ആ പലതരം കൂവലുകളും ഉച്ചത്തിലുള്ള ചൂളംവിളിയും പുതുതലമുറയില്‍ കുറഞ്ഞുവരുന്നു എന്നത് ഒരു ദുഃഖസത്യമാണ്. എങ്ങും ഏറിവരുന്ന അസഹിഷ്ണുതയും അക്രമവാസനയും കൂവാന്‍ ചിലരില്‍ ഭയമുളവാക്കുന്നു എന്നത് മറ്റൊരു കാര്യം.

എന്തിന് ഏറെപ്പറയാന്‍ ചിക്കന്‍ ആകുമോയെന്ന് പേടിച്ചു പൂവന്‍കോഴികള്‍ കൂവാതായിരിക്കുന്നു. അതോ അവറ്റകളും കൂവാന്‍ മറന്നതാണോ എന്നും സംശയം ഉണ്ട്.  അങ്ങനെ കോഴികൂവുന്ന പുലര്‍ക്കാലവും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

കൂവുക എന്നത് ഒരു ആഭാസത്തരമായി കണ്ട്  അതിന്‍റെ കുറവിനെ സാംസ്കാരിക വളര്‍ച്ചയുടെ സൂചകങ്ങളായിപ്പോലും ചിലപ്പോള്‍ വ്യാഖ്യാനിച്ചേക്കാം. എന്നാല്‍ ശരിക്കും അങ്ങനെയല്ലെന്നതാണ് എന്‍റെ പക്ഷം. കാരണം പലതാണ്.  ഒരുകൂട്ടം ആള്‍ക്കാര്‍ ഉള്ളിടത്ത് മാത്രമേ കൂവല്‍ ഉണ്ടാകാറുള്ളൂ മറിച്ച് രണ്ടോമൂന്നോ പേര്‍ മാത്രം നില്‍ക്കുമ്പോള്‍ കൂവുകപതിവല്ല. എന്നുവെച്ചാല്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഷയിലെ ഒരു വാക്കായി കൂവലിനെ കാണാം എന്ന് സാരം. അധികം ആലോചിക്കാതെ ഉടനടി ഉണ്ടാകുന്ന പ്രതികരണമായതുകൊണ്ടുതന്നെ അതില്‍ സത്യത്തിന്‍റെ അംശം ഏറെയുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഒന്ന് കൂവണമായിരുന്നേല്‍ സംഭവസ്ഥലത്ത് എത്തണമായിരുന്നു. ആ കൂട്ടായ്മകള്‍ ഒരു സന്തോഷമായിരുന്നു ആവേശമായിരുന്നു. അതുപോലെ കൂവുന്നവര്‍ക്കും അത് ഏറ്റുവാങ്ങുന്നവര്‍ക്കും പരസ്പരം കാണാനുള്ള അവസരവും  ഉണ്ടായിരുന്നു.

കൂക്കിവിളിയും കയ്യടിയുമൊക്കെ ഉടനടിയുള്ളതായിരുന്നെങ്കില്‍ പ്രതികരണത്തിന്റെ അച്ചടി പതിപ്പുകളായിരുന്നു കാര്‍ട്ടൂണുകള്‍.  എന്നാല്‍ വളരെക്കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ അത്തരത്തിലുള്ള പ്രതികരണം സാധ്യമായിരുന്നുള്ളു. വരയും എഴുത്തും ഒരുപോലെ വഴങ്ങണം എന്നതും അത് പ്രസിദ്ധീകരിക്കാനുള്ള മാധ്യമം ലഭിക്കണം എന്നതും പലര്‍ക്കും അതൊരു കീറാമുട്ടിയാകാന്‍ കാരണമായി.

ലിഖിതനിയമങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും ഒരു പ്രത്യേക ചട്ടകൂടില്‍ നിന്നുതന്നെയാണ് ഒട്ടുമിക്കവരും കാര്‍ട്ടൂണുകള്‍ രചിച്ചിരുന്നത്. ഒരിക്കലും സഭ്യതയുടെ സീമകള്‍ ലംഘിക്കാനും തികച്ചും വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടാനും അവര്‍ അത് ഉപയോഗിച്ചില്ല എന്നത് അവരുടെയെല്ലാം മഹത്വമായി കാണേണ്ടതുണ്ട്.

സമൂഹ മാധ്യമങ്ങളുടെ പ്രചാരം നമുക്ക് സമ്മാനിച്ച പ്രതികരണത്തിന്റെ പുത്തന്‍ പതിപ്പാണ്‌ ട്രോളുകള്‍. ഉപജ്ഞാതാക്കള്‍ ആരെന്നറിയില്ലേലും Paid Marketing നടത്തിയില്ലേലും ഈ ശാഖ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് മിക്ക ട്രോളുകളും പിറക്കുന്നത്‌ എന്നുള്ളതുകൊണ്ടും ആര്‍ക്കും വളരെവേഗം സാധ്യമാക്കാം എന്നുള്ളതുകൊണ്ടും അതിന്‍റെ പ്രചാരം ഏറിവന്നു.

സിനിമയില്‍നിന്നും കടംകൊള്ളുന്ന സീനുകള്‍ത്രമോ വെട്ടിയോട്ടിച്ച തലയോടുകൂടിയതോ ആയ ചിത്രങ്ങളോ ആണല്ലോ ട്രോളുകളുടെ അടിസ്ഥാനം. അതുകൊണ്ട് ആ സിനിമ കണ്ടവര്‍ അത് കൂടുതല്‍ ആസ്വദിച്ചു പയ്യെപ്പയ്യെ അതൊരു ആക്ഷേപഹാസ്യ ആയുധമായി മാറി.

എല്ലാവരുടെയും കയ്യില്‍ ആയുധം കിട്ടിയാല്‍ എന്താവും സ്ഥിതി? അതാണ്‌ ഇവിടെ പിന്നീട് കണ്ടത്.  ആര്‍ക്കും എങ്ങനെയും എവിടെയും എടുത്തുപയോഗിക്കാമെന്ന അവസ്ഥ. ഒരാള്‍ക്കൂട്ടത്തിനിടയില്‍ നിന്നല്ല അവന്‍ ഈ ആയുധം പ്രയോഗിക്കുന്നത് മറിച്ച് അടച്ചിട്ട അവന്‍റെ സ്വകാര്യമുറിയിലിരുന്നാണെന്നുള്ളത് അവനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. സ്വത്ത്വം വെളിപ്പെടുത്താത്ത ഒരു ഒളിപ്പോരുമാത്രമായി അത് മാറുന്നു; സഭ്യതയുടെ അതിര്‍വരമ്പുകള്‍ അവിടെ ഇല്ലാതാകുന്നു. വെക്തിഹത്യ നടത്താനുള്ള ആയുധമായി അതുമാറുന്നു.

ആക്ഷേപഹാസ്യത്തില്‍പ്പോലും ആക്ഷേപവും ഹാസ്യവും തുല്യ അളവിലായിരിക്കരുതെന്നും മറിച്ച് ആക്ഷേപം കുറവും ഹാസ്യം കൂടുതലും ആയിരിക്കണം എന്നതുമാണ് എന്‍റെ വിലയിരുത്തല്‍. ഇവിടെ ആക്ഷേപം കൂടുതലും ഹാസ്യം കുറവുമായിക്കൊണ്ടിരിക്കുന്നു.  ആരും എങ്ങും അപ്പപ്പോള്‍ പ്രതികരിക്കുന്ന രീതി കുറഞ്ഞു വരുന്നു. പ്രതികരണം ഒറ്റക്ക് ഒരിടത്തിരുന്ന് നിര്‍മ്മിക്കുന്ന ട്രോളുകളില്‍ ഒതുങ്ങുന്നു.

ലോക പ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളേയും നമ്മള്‍ ഇന്നും ഓര്‍ക്കുന്നു, ആരാധിക്കുന്നു; ആ കല ഇന്നും നിലനില്‍ക്കുന്നു.  അതിനുകാരണം മിതത്വവും സര്‍ഗാത്മകതയും കഴിവും ഒത്തുചേര്‍ന്നവരില്‍നിന്നാണ് അത് പിറന്നത്‌ എന്നുള്ളതുകൊണ്ടാണ്. അവിടെയാണ് ട്രോളുകളുടെ നിലനില്‍പ്പ്‌ ചോദ്യംചെയ്യപ്പെടുന്നത് എന്ന് തോന്നുന്നു.

ഇനിയെന്താകും അടുത്തകാലത്തിന്റെ പ്രതികരണ ഉപാധി ? കാത്തിരിക്കാം അല്ലേ ?

ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒന്ന് കൂവാന്‍ തോന്നുന്നുണ്ടോ അതോ ട്രോളാന്‍ തോന്നുന്നുണ്ടോ? പറ്റുമെങ്കില്‍ ഒന്ന് ഉറക്കെ കൂവിക്കോളൂ. അവിടുന്നാകട്ടെ ഒരു പുതിയ തുടക്കം…

One Comment

  1. Rashi Rashi January 31, 2022

    വളരെ നല്ല പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *