അശ്വത്ഥാമാവ്

0

എത്ര കാതം നടന്നു
കാല്‍ ഞരമ്പെത്രവട്ടം തളര്‍ന്നു
ക്ഷീണം തിളക്കുംമ്പോഴൂതിയാറ്റാന്‍
ഒരു കാട്ടുകാറ്റിന്റെ കൈകള്‍ മാത്രം !
ദാഹം തളയ്ക്കുന്ന ദേഹത്തിനൊ
കുടിനീരുതന്നതീ കാനനച്ചോലകള്‍
നിദ്രതന്‍ നെയ്യുറുമ്പെന്നെ കുത്തുന്ന രാത്രിയില്‍
താരാട്ടുപാടിത്തലോടുന്നതോ
ഒരു വനശാഖിതന്‍ ശാഖാഭുജങ്ങള്‍

തളരുന്ന തനുവിനെത്താങ്ങുന്നതും
പിളരുന്ന ബോധത്തിലമൃതം തളി –
ച്ചമരസാന്ത്വനം പെയ്യുന്നതും
ഏവര്‍ക്കുമമ്മയാം കാടുമാത്രം !
ശീതശിലാതലതല്പങ്ങള്‍ നീട്ടിയെന്നെയീ
കത്തുന്ന വേനലുകള്‍ താണ്ടിച്ചതും
കാറ്റായി വന്നെന്റെ കണ്ണുനീരൊപ്പിവറ്റിച്ചതും
ഭൂമിക്കുമമ്മയാം കാടുമാത്രം !

താപ നഖരങ്ങള്‍ പിന്നെയും നീളുന്ന
ഗ്രീഷ്മക്കരടികള്‍ പല്ലുരയ്ക്കുന്ന പകലുകള്‍
ശൈത്യക്കരിന്തേളുകുത്തുന്ന രാത്രികള്‍
മഞ്ഞിന്റെ വജ്രസൂചികള്‍ ത്വക്കിലാഴ്ത്തി
ഉടല്‍ ചുറ്റിവരിയുന്നൊരുഷസുകള്‍ !
ഭീതിതന്‍ കരിനാഗവ്യൂഹങ്ങളിഴയുന്ന സന്ധ്യകള്‍ !
നിദ്രയെക്കീറുന്ന പാതിരാപ്പേമഴകള്‍
ചുരുള്‍ നാവുനീട്ടിക്കറങ്ങിപ്പിറക്കുന്ന ചുഴലികള്‍
ചുഴലവും ചൂഴുന്ന വ്യാഘ്രഗര്‍ജ്ജന ശ്രേണികള്‍
എല്ലാം സഹിച്ചൊരുക്ഷമാപേടകം പോലെ
തിരിയുന്നു ഞാനീ കാന്താരഭ്രമണപഥങ്ങളില്‍

ഇരുളിന്റെ മറപറ്റി വന്നവന്‍
പാണ്ഡവ കൈനിലകള്‍ തീയിട്ടു ചുട്ടവന്‍
ശത്രുവാം ദ്രുപദപുത്രന്റെ കണ്ഠം
കാല്‍കൊണ്ടു ഛേദിച്ചു പാപപാതകം ചെയ്തവന്‍
ഒരു കുഞ്ഞുപെണ്ണിന്റെ ഗര്‍ഭത്തി –
ലസ്ത്രം തൊടുത്തവന്‍ !
കുറ്റപത്രങ്ങളിങ്ങനെ നീളുന്നു
ധര്‍മ്മം വിതയ്ക്കുന്ന ഗ്രന്ഥവൃന്ദങ്ങളില്‍

എല്ലാം ക്ഷമിച്ചു തുടരുന്നു ഞാ-
നെന്റെയീ വനപഥഭ്രമണങ്ങള്‍ വീണ്ടും
നിദ്രതന്‍ ശാന്തിയുമിന്നെനിക്കന്യമായ്
സ്വപ്നത്തിലെങ്ങും കുരുക്ഷേത ശാപം പിടയ്ക്കുന്നു
കണ്ണുനീര്‍ വറ്റാത്തൊരമ്മമാര്‍
വിലാപയാത്രക്കിടയിലും കരയുന്ന വിധവകള്‍
ലാഭനഷ്ടങ്ങള്‍ കൂട്ടിക്കിഴി –
ച്ചന്ത്യത്തില്‍ നഷ്ടം നടുക്കുന്ന വിജയികള്‍

വയ്യ തളര്‍ന്നു –
ഞാനാകെ കിതക്കുന്നു പാദങ്ങള്‍ വേയ്ക്കുന്നു
മിഴികളില്‍ കാഴ്ചകള്‍ മങ്ങുന്നു
കരളിലോര്‍മ്മതന്‍ തിരികെടുന്നു
ആകെ മുഷിഞ്ഞൊരീ ജീവിത –
ച്ചുമടൊന്നിറക്കി വച്ചാശ്വസിയ്ക്കാന്‍
മൃത്യുവിന്‍ ശീതതല്പത്തിലല്പം കിടക്കാന്‍
എത്രമേലാശിപ്പു ഞാ-
നാവില്ല കഷ്ടം ചിരഞ്ജീവിയത്രേ
മരിക്കാനുമാവില്ല ജീവിച്ചുതീരണം !

സൗഹൃദ സൗധങ്ങള്‍ പടിയടച്ചും
കാറ്റിലും മഴയിലുമുടല്‍ കറുത്തും
ഇലച്ചാര്‍ത്തുകള്‍ക്കുള്ളിലന്നം തിരഞ്ഞും
കൃഷ്ണശാപം വമിക്കും വിഷം ഭുജിച്ചും
ഖാണ്ഡവം, കാമ്യകം, മധുവനം
ജംഗാലം – എത്ര പേരുകളിലെത്രവനങ്ങള്‍ !
എങ്കിലും പടുമരത്തിന്‍ കടയ്ക്കലാണുറക്കം
ഇലപൊഴിച്ചെത്ര ശിശിരങ്ങള്‍ വന്നുപോയ്‌
കാലക്കൊടുങ്കാറ്റില്‍ നിപതിച്ചെത്രയോ വന്മരങ്ങള്‍ !
ഇരുളില്‍ മൃഗ പാദപതനത്തിനൊപ്പ –
മോടി വന്നെന്നെപ്പുണരുന്ന പേടിയു –
മൊടുവിലൊടുങ്ങി മാഞ്ഞലിയുന്ന മായയില്‍
കാടിന്റെ മകനായിമാറി ഞാന്‍ !

ഇന്നു ഞാന്‍ നിത്യ തൃപ്തന്‍ ! – നിദ്രതന്‍
ശാന്തി തീര്‍ഥങ്ങളില്‍ മുങ്ങിക്കുളി –
ച്ചുണരുന്ന സ്വപ്നത്തിലില്ലിന്നു
കൊട്ടാരവും ഓടലെണ്ണച്ചെരാതും
രാവേറെ നീളുന്ന സുരപാന മേളവും
കാമപ്രലോഭനത്തിന്റെ ആടയിട്ടാടുന്ന
ദാസിത്തരുണിതന്‍ ലാസ്യനൃത്തങ്ങളും
ചിത്രത്തൂണുകള്‍ക്കപ്പുറത്തിരുളില്‍ പതുങ്ങുന്ന
ചാര വേഷങ്ങള്‍തന്‍ ദുര്‍ഗന്ധവും
സംവാദതന്ത്രങ്ങള്‍ മെനയുന്ന സഭകളും !
ഇന്നു ഞാന്‍ നിത്യതൃപ്തന്‍ –
ഹംസതൂലികാശയ്യയായി താനേനിവര്‍ന്നു
വനനദീതീരത്തു പുല്‍മേടുകള്‍
ഹേമന്തരാവുതോറും സ്വയമൂതിപ്പിടിപ്പിച്ചു
കാവല്‍ നിന്നതു കാട്ടുതീ .
പേമഴപ്പേടിക്ക് കുടയായ് മാമരച്ചാര്‍ത്തുകള്‍
മധുകണം തന്നെന്നെ മാടി വിളിക്കുന്ന
ചിത്രശലഭകൂട്ടായ്മ പെയ്യുന്ന വര്‍ണ്ണോത്സവങ്ങള്‍

ഗ്രീഷ്മ പ്രവാഹത്തിനൊപ്പമെത്തി
ത്താലവൃന്ദം തന്നതു കാറ്റുകള്‍
ഇന്നു ഞാന്‍ നിത്യ തൃപ്തന്‍
ഈ കാടകമിന്നെനിക്കമ്മവീട്

എം. മോഹന്‍ദാസ്‌

NO COMMENTS

LEAVE A REPLY