Press "Enter" to skip to content

ബൈബിളില്‍ വിവാഹം നിഷിദ്ധമോ ?

വിവാഹം കഴിക്കുന്നത് എന്തോ മ്ലേച്ഛമായ കൃത്യമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നതായി പലരും തെറ്റിധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. ചില ക്രിസ്തീയ സഭകളിലെ വൈദികരും, മെത്രാന്മാരും, സഭാ സേവനത്തില്‍ ഉള്ള സ്ത്രീകളും വിവാഹം കഴിക്കുന്നതിനെ ചില സഭകള്‍ അവയുടെ നിയമങ്ങള്‍ (കാനോന്‍) വഴി നിരോധിച്ചിരിക്കയാണ്. അതിനാല്‍ വിവാഹം കഴിക്കാത്തവര്‍ ആത്മീയതയുടെ അളവുകോല്‍പ്രകാരം മേന്മയുള്ളവരും മറ്റുള്ളവര്‍  മോശക്കാരും ആണെന്നുള്ള ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. ബൈബിള്‍ ഈ വിഷയത്തില്‍ എന്തു നിലപാടാണ് മുന്നോട്ടു വെയ്ക്കുന്നത് എന്ന് പരിശോധിക്കുന്നത് വൈദികര്‍ക്കെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ലൈംഗികപീഡന പരാതികളുടെ പശ്ചാത്തലത്തില്‍, ഉചിതമായിരിക്കും എന്ന് കരുതുന്നു.

പ്രപഞ്ച സൃഷ്ടിയുടെ കഥ പറയുന്ന ബൈബിളിലെ ‘ഉല്‍പ്പത്തി’ പുസ്തകം ഇപ്രകാരം പറയുന്നു. ദൈവം മനുഷ്യരെ ആണും, പെണ്ണുമായി സൃഷ്ടിച്ചു. അതിനു ശേഷം “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു, (ഉല്‍പ്പത്തി 1:28).

ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ച മനുഷ്യര്‍ പോയി സന്തതികളെ സൃഷ്ടിക്കാനാണ് ദൈവം അവരോടു കല്‍പ്പിച്ചത്. അന്ന് ‘ടെസ്റ്റ്‌ട്യൂബ്’,  ‘ക്ലോണിംഗ്’ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുട്ടികളെ സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യയൊന്നും  ഇല്ലാതിരുന്നതിനാല്‍  ലൈഗീക വേഴ്ചയില്‍ ഏര്‍പ്പെട്ടു പ്രത്യുല്‍പ്പാദനം നടത്തുന്ന സാധാരണക്കാരനു സുപരിചിതമായ മാര്‍ഗമാണ് ദൈവം പ്രതീക്ഷിച്ചത് എന്ന് കരുതാം. മാത്രവുമല്ല അത് ദൈവ കല്‍പ്പനയും ആയിരുന്നു എന്ന് ഓര്‍ക്കണം.

എന്നാല്‍ ചില ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ക്ക് മറ്റു പല കാര്യങ്ങളിലും എന്നപോലെ, ദൈവ കല്‍പ്പനയേക്കാള്‍ വിശ്വാസം, അവര്‍ സ്വയം ഇറക്കുന്ന കല്‍പ്പനകളിലാണ്. അതു കൊണ്ട് അവര്‍ പുരോഹിതന്മാര്‍ക്കും, കന്യാ സ്ത്രീകള്‍ക്കും വിവാഹം നിഷേധിക്കുന്ന നിയമങ്ങള്‍ സൃഷ്ടിച്ചു.

കൊല്ലാനും, രക്ഷിക്കാനും ഉപയുക്തമായ വാക്യങ്ങള്‍ നമുക്കു ബൈബിളിനുള്ളില്‍ കണ്ടെത്താം. (അതുകൊണ്ടാണല്ലോ ചെകുത്താന്‍  വേദവാക്യം എടുത്തു പയറ്റുന്നത്.) ഏതായാലും യേശുക്രിസ്തു പറഞ്ഞതായി ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു വാക്യം ആണ് വിവാഹ ജീവിതം നിഷേധിക്കുന്നതിനുള്ള അടിസ്ഥാന അധികാരമായി സഭ ഉപയോഗിക്കുന്നത്. ആ വാക്യവും, അതിന്‍റെ സാഹചര്യവും ഇപ്രകാരം ആണ്:

യേശു തന്‍റെ ശിഷ്യന്മാരോട്, “ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു” (മത്തായി 19:9-12).

വിവാഹിതരാകാതെ ജീവിക്കാന്‍ ചിലര്‍ക്ക് വരം ലഭിച്ചിരിക്കുന്നു (gift of celibacy) എന്ന ഒരു ചിന്ത  ഇതില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു. മാത്രവുമല്ല ‘സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി’ വിവാഹം വേണ്ടെന്നു വെയ്ക്കുന്നത് മഹത്തരാമായ ഒരു കാര്യവുമാണല്ലോ.

പിന്നീട് വിശുദ്ധ പൗലോസ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അവിവാഹിതന്‍ ആയിരുന്ന അദ്ദേഹം എഴുതുന്നു, “വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു”, (1 കൊരിന്ത്യർ 7: 8-9).

പൗലോസ് തന്നെ വീണ്ടും എഴുതുന്നു, “എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ”, (1 കൊരിന്ത്യർ 7:2). (“Since there is so much immorality, each man should have his own wife and each woman her own husband” – New International Version.)

ദാഹമോ, വിശപ്പോ പോലെയുള്ള തികച്ചും ശാരീരികമായ ഒരു ആവശ്യം മാത്രമാണ് ലൈംഗീകത. അങ്ങനെയൊരു വികാരം നമുക്ക് സൃഷ്ടാവ് തന്നെ നല്‍കിയതാണ്. അത് അനാവശ്യമോ, അശുദ്ധമോ., വെറുക്കപ്പെടെണ്ടതോ ആണെങ്കില്‍ സൃഷ്ടാവിനു മനുഷ്യന്‍റെ രൂപകല്‍പ്പനയില്‍ തെറ്റു പറ്റി എന്നു പറയേണ്ടി വരും. മഹാ ഭൂരിപക്ഷവും ദൈവ കല്‍പ്പന ശിരസ്സാ  വഹിച്ച് ഇണ ചേര്‍ന്നു കുട്ടികളെ പ്രസവിച്ചുകൂട്ടി ഭൂമിയെ നിറച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ചിലര്‍ തങ്ങള്‍ ‘വരം’ ലഭിച്ചവര്‍ ആണെന്ന ഭാവത്തില്‍ മേനി നടിച്ചു നടന്നു. അവരുടെ കാമ പരാക്രമങ്ങള്‍  ഒത്തിരിയൊക്കെ സഭ അതിന്‍റെ പണക്കൊഴുപ്പും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച്‌ ഒതുക്കിത്തീര്‍ക്കുന്നു. ചുരുക്കം ചിലവ മാത്രം പുറത്തു വരുന്നു. എന്നിട്ടും സഭ ഉറക്കം നടിക്കുന്നു.

സഭാശുശ്രൂഷയില്‍ നില്‍ക്കുന്നവര്‍ വിവാഹം കഴിക്കരുത് എന്നു ശക്തമായി നിലപാട് എടുത്തിട്ടുള്ള ഒരു സഭ, റോമിലെ ആദ്യത്തെ മെത്രാന്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ പത്രോസ് ആയിരുന്നുവെന്നും, പത്രോസിന്‍റെ ‘സിംഹാസനത്തിന്‍റെ’ പിന്തുടര്‍ച്ചക്കാരന്‍ ആണ്   ആ സഭയുടെ പരമാധികാരി എന്നും  വിശ്വസിക്കുന്നു. (ചരിത്രപരമായി ഇക്കാര്യം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ വിശ്വാസം, അതാണല്ലോ എല്ലാം!) എന്നാല്‍ വി. പത്രോസ് വിവാഹിതന്‍ ആയിരുന്നു എന്ന് ആ സഭ  ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.

മാത്രവുമല്ല കൂടുതല്‍ കുഞ്ഞുങ്ങളെ പടച്ചു വിടുന്ന പദ്ധതിയുടെ ശക്തരായ വക്താക്കളും ആണ് സഭ. എല്ലാ വിധ ‘ഗര്‍ഭ നിരോധന’ വഴികളെയും സഭ  കണ്ണടച്ച് എതിര്‍ക്കുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ കുടുംബങ്ങള്‍ക്കു താങ്ങാന്‍ കഴിയില്ലെങ്കില്‍ സഭ നോക്കിക്കൊള്ളാം എന്നാണു പ്രഖ്യാപനം. ശുദ്ധ വായുവും, ശുദ്ധ ജലവും, അടിസ്ഥാന സൗകര്യങ്ങളും ഒക്കെ സഭ ഒരുക്കുമോ? ഭൂമി മനുഷ്യരെക്കൊണ്ടു നിറഞ്ഞു കഴിയുമ്പോള്‍ സഭ ഭൂമിയുടെ വലിപ്പം കൂട്ടുമോ അതോ അധികം വരുന്ന മനുഷ്യരെ റോക്കറ്റില്‍ കയറ്റി  മാഴ്സ് ഗ്രഹത്തിലേക്ക് കൊണ്ടുപോകുമോ?  അതോ കുഞ്ഞാടുകളുടെ എണ്ണം കൂടുന്നത് രാഷ്ട്രീയ വിലപേശുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കും എന്ന അജണ്ട നടപ്പക്കുകയാണോ സഭ? നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണു സര്‍?

ഒരു വ്യക്തിക്കു സത്യത്തില്‍  ‘സന്യാസ വരം’ (gift of celibacy) ഉണ്ടെന്നു വരാം. അയാള്‍ക്കു വിവാഹം കഴിക്കതിരിക്കാനുള്ള പൂര്‍ണ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ഒരു നിയമവും അതിനു തടസ്സമായി നില്‍ക്കുന്നുണ്ട് എന്നു തോന്നുന്നില്ല. വ്യക്തികള്‍ എടുക്കുന്ന അത്തരം തീരുമാനങ്ങളെ നാം മാനിക്കേണ്ടതുമുണ്ട്. പക്ഷേ സഭ അതിന്‍റെ നിയമം മൂലം വിവാഹം നിരോധിക്കുന്നത് ശരിയാണോ? അത്തരം സഭാനിയമങ്ങള്‍ വ്യക്തി ഒരിക്കലെടുത്ത തീരുമാനം ഒരിക്കലും മാറ്റാന്‍ കഴിയാതവണ്ണം അയാളെ  ഉരുക്കു ചങ്ങലകളില്‍ ബന്ധിക്കുകയാണ്. സന്യാസ ജീവതം വേണ്ടെന്നു വെച്ചു പുറത്തു വന്നു മാന്യമായി ജീവിക്കാന്‍ മനുഷ്യര്‍ക്ക് അവസരം ഉണ്ടാവേണ്ടതല്ലേ? അങ്ങനെ പുറത്തു വരാന്‍ തീരുമാനിക്കുന്നവരെ തടയാനോ, ശിക്ഷിക്കാനോ, ഒറ്റപ്പെടുത്താനോ സഭയ്ക്ക് അധികാരം ഉണ്ടാവുന്നത് ശരിയാണോ? അവരെ സഭാ സേവനത്തില്‍ തുടരാനോ, പുനരധിവസിപ്പിക്കാനോ ഉള്ള ബാധ്യത സഭയ്ക്കില്ലേ? നഷ്ടപ്പെട്ടു പോയ കുഞ്ഞാടുകളെ തേടുന്നവനാണ് യേശുക്രിസ്തു  എന്ന സത്യം മറന്നു സഭയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവും?

ആദ്യ കാലങ്ങളില്‍ ജഡീകമായതെല്ലാം പരിത്യജിച്ച്  ആത്മീയ ജീവിതം തിരഞ്ഞെടുക്കയും, അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത മനുഷ്യര്‍ ഉണ്ടായിരുന്നു. ചുരുക്കം പേര്‍ ഇന്നും ഉണ്ടായിരിക്കാം. എന്നാല്‍ കാലക്രമേണ സഭ വളര്‍ന്ന് അംഗബലത്തിലും, സമ്പത്തിലും ശക്തമായാതോടെ, പൌരോഹിത്യ പദവികളും, അവയുമായി ബന്ധപ്പെട്ട അധികാരങ്ങളും, സുഖ സൗകര്യങ്ങളും പലര്‍ക്കും കൊതിയായി. അങ്ങനെ അനേകര്‍ പുരോഹിതന്മാരായിട്ടും (Clergy), കന്യാസ്ത്രീകള്‍ (Nuns) ആയിട്ടും സഭയുടെ ശുശ്രൂഷയിലേക്ക് കടന്നു വന്നു,  അവരില്‍ ബഹു ഭൂരിപക്ഷത്തിനും ഒരു വരവും ഉണ്ടായിരുന്നില്ല.  അവരുടെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥമായിരുന്നു.

യഹൂദ മത നേതാക്കന്മാരെ സംബന്ധിച്ച് യേശുക്രിസ്തു പറഞ്ഞ ഒരു വസ്തുത ഇന്നു സഭാ ശുശ്രൂഷയില്‍ നില്‍ക്കുന്ന മിക്കവര്‍ക്കും യോജിക്കുന്നതാണ് എന്നു തോന്നുന്നു. യേശു പറഞ്ഞു, നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന [ഇവരെ] സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു… (ലൂക്കോസ് 20:46-47). ഇന്ന് ഇവരില്‍ ചിലരെങ്കിലും   വിധവമാരെയും, വിവാഹിതരെയും, കന്യകമാരെയും, ഓമനത്തമുള്ള ബാലന്മാരെയും വരെ വിഴുങ്ങുകയല്ലേ?

അവസാനിപ്പിക്കുന്നതിനു മുന്‍പ് പ്രസക്തമായ മറ്റൊരു വസ്തുത കൂടെ സൂചിപ്പിക്കട്ടെ. ഇപ്പോള്‍ ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയരായിരിക്കുന്ന  വൈദികരില്‍ ചിലര്‍ വിവാഹിതര്‍ ആണ്. അപ്പോള്‍ വിവാഹം കഴിക്കാത്തത് മാത്രമല്ല വിഷയം. ‘വിശുദ്ധ’ സഭയിലെ കുഞ്ഞാടുകളെ നേര്‍വഴിക്കു നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഈ ഇടയന്മാരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന അസാന്മാര്‍ഗികതയുടെ വിഷമാണ് അതു സൂചിപ്പിക്കുന്നത്. “മോഷ്ടിച്ച വെള്ളം [കൂടുതല്‍] മധുരവും ഒളിച്ചുതിന്നുന്ന അപ്പം [കൂടുതല്‍] രുചികരവും ആകുന്നു,”, (സദൃശ്യവാക്യങ്ങൾ 9:17)എന്നു ബൈബിള്‍ പറയുന്നത് എത്ര ശരിയാണ്?

ജ്ഞാനിയായ ശലോമോന്‍ തുടര്‍ന്നു പറയുന്നു, “എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും…. [താന്‍] പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല”, (സദൃശ്യവാക്യങ്ങൾ 9:18).

ആമ്മീന്‍.

**ബ്രാക്കറ്റിലെ വാക്കുകള്‍ ലേഖകന്‍റെ സ്വന്തമാണ്

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *